നീലീശ്വരം നടുവട്ടം റോഡ് പണി തടസ്സപ്പെട്ടു

കാലടി: മലയാറ്റൂര്‍ പഞ്ചായത്തിലെ നീലീശ്വരം— നടുവട്ടം റോഡ് നിര്‍മാണം കാന നിര്‍മാണത്തിന്റെ പേരില്‍ തടസ്സപ്പെട്ടു. 9 മാസം മുമ്പ് 2.78 കോടി രൂപയ്ക്ക് ടെന്‍ഡര്‍ ചെയ്ത റോഡാണിത്. വലിയ കുഴികള്‍ രൂപപ്പെട്ട് വെള്ളവും ചെളിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളേറെയായി. വിദ്യാര്‍ഥികളും നൂറുകണക്കിന് കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. ജനങ്ങളുടെ പ്രതിഷേധം കനത്തപ്പോള്‍ ടെന്‍ഡര്‍ നടപടികളുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തുവരികയായിരുന്നു. സ്ഥിരമായി കുഴികള്‍ രൂപപ്പെടുന്ന ഭാഗത്ത് കട്ട വിരിക്കുവാനും മറ്റു ഭാഗങ്ങളില്‍ ബിഎംബിസി നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാക്കുവാനുമാണ് കരാര്‍ ഉറപ്പിച്ചിട്ടുള്ളത്. 1.68 കോടി രൂപ റോഡിനിരുവശവും കാന നിര്‍മിക്കുന്നതിനും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുമാണ് വകയിരുത്തിയിട്ടുള്ളത്. റോഡിനിരുവശവും അയ്യമ്പുഴ പഞ്ചായത്തിലേക്കുള്ള കുടിവെള്ളപൈപ്പും മറ്റ് ശുദ്ധജല വിതരണ പൈപ്പുകളും കടന്നുപോവുന്നതിനാല്‍ കാന നിര്‍മാണം അസാധ്യമാണെന്നാണ് കരാറുകാരന്റെ പക്ഷം. എന്നാല്‍ ഓട നിര്‍മിക്കാതെ റോഡ് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും അങ്ങനെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ വെള്ളക്കെട്ടുമൂലം വീണ്ടും റോഡ് തകരുമെന്നുമാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. റോഡിനിരുവശവുമുള്ള പുറമ്പോക്ക് ഭൂമി തിരിച്ചുപിടിച്ച് അതിലൂടെ ഓട നിര്‍മിക്കുവാന്‍ വേണ്ട നടപടികള്‍ ഉണ്ടാവണമെന്ന്  നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആവശ്യമായ പരിശോധനകള്‍ നടത്താതെ ഇത്രയും വലിയ തുക കാനക്കായി നീക്കിവച്ചത് എന്തിനെന്ന മറുചോദ്യവും ഉയരുന്നുണ്ട്. പുറമ്പോക്ക് ഭൂമി തിരിച്ചുപിടിച്ച്  റോഡിന്റെ നവീകരണം എളുപ്പമാക്കണമെന്ന  ആവശ്യത്തിനു മുന്‍പില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് തുടരുന്നത്. മലയാറ്റൂരില്‍ നിന്നും അങ്കമാലിയിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയായ പാതയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോവുന്നത്.

RELATED STORIES

Share it
Top