നീലക്കുറിഞ്ഞി: ജനങ്ങളുടെ ആശങ്ക പരിഹരിക്കും- മന്ത്രി

മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ അധിവാസം ബോധ്യപ്പെട്ടതായും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. നീലക്കുറിഞ്ഞി ഉദ്യാനമേഖലകളായ കടവരി, കോവിലൂര്‍, കൊട്ടക്കാമ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പട്ടയം റദ്ദാക്കിയ ജോയ്‌സ് ജോര്‍ജ് എംപിയുടെ കുടുംബത്തിന്റെ ഭൂമി മന്ത്രിതല സംഘം സന്ദര്‍ശിച്ചില്ല. എംപിയുടെ സ്ഥലം സന്ദര്‍ശിക്കുന്നില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമ പ്രശ്‌നമായി കിടക്കുന്നതിനാല്‍ പോവേണ്ട ആവശ്യമില്ലെന്നും പട്ടയം സംബന്ധിച്ച് എംപി കലക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നുമായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി. വിവിധ സ്ഥലങ്ങളിലെ താമസക്കാര്‍ മന്ത്രിക്ക് നിവേദനവും നല്‍കി. മാധ്യമങ്ങളെ മേഖലയില്‍ പ്രവേശിപ്പിക്കരുതെന്ന പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പതിച്ചിരുന്നു. മന്ത്രിമാരായ എം എം മണിയും കെ രാജുവും ഒപ്പമുണ്ടായിരുന്നു. നീലക്കുറിഞ്ഞി ഉദ്യാനപരിധിയില്‍ ജനവാസ കേന്ദ്രങ്ങളും കൃഷിയുമുണ്ടെന്ന് ബോധ്യമായി. 2006ല്‍ നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പൂര്‍ണമായും അതിര്‍ത്തി നിര്‍ണയിച്ചല്ല നടപടികള്‍ നീക്കിയത്. അത് പ്രാഥമിക വിജ്ഞാപനമാണ്. നിരവധി പരാതികള്‍ അന്നേ ഉണ്ടായി. ഈ സന്ദര്‍ശനാവസരത്തില്‍ ഒട്ടേറെ നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ ഉള്ളടക്കം സൂക്ഷ്മമായി പരിേശാധിക്കണം. കൊട്ടക്കാമ്പൂര്‍, കടവരി, കമ്പക്കല്ല് മേഖലകളിലെ ജനവാസം സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ഇപ്പോള്‍ ബോധ്യമായെന്ന് കരുതുന്നു. ജനങ്ങള്‍ക്ക് ഒരുപാട് ആശങ്കകള്‍ ഉണ്ട്. അതിനാല്‍ ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയമുള്‍പ്പെടെ 11 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല.  നിയമാനുസരണമുള്ള പട്ടയങ്ങള്‍ക്ക് സാധുതയുണ്ട്. അതിനായി റവന്യൂ രേഖകള്‍ പരിശോധിക്കണം. ഇവിടത്തെ താമസക്കാരുടെയും കര്‍ഷകരുടെയും  പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് നീലക്കുറിഞ്ഞി ഉദ്യാനം നടപ്പാക്കും. ഉദേ്യാഗസ്ഥര്‍ ജനങ്ങളെ ഉപദ്രവിക്കാനല്ല എത്തുന്നത്, ജനങ്ങളുടെ അവകാശങ്ങള്‍ എത്രയുംവേഗം ലഭ്യമാക്കാന്‍ ഉദേ്യാഗസ്ഥരെ ജനങ്ങള്‍ക്ക് സഹായിക്കാനാവുമെന്നും റവന്യൂമന്ത്രി പറഞ്ഞു. എസ് രാജേന്ദ്രന്‍ എംഎല്‍എ, പി രാമരാജ്, എഡിഎം പി ജി രാധാകൃഷ്ണന്‍, എ കെ മണി എക്‌സ് എംഎല്‍എ, മൂന്നാര്‍ സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, പി കെ കേശവന്‍,  എ കെ ഭരദ്വാജ്, ഫീല്‍ഡ് ഡയറക്ടര്‍ (പ്രൊജക്ട്) ജോര്‍ജി പി മാത്യു, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, ജനപ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top