നീലക്കുറിഞ്ഞി ഇനി എത്രകാലം പൂക്കും?

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കലാണ് നീലഗിരിക്കുന്നുകളില്‍ നീലക്കുറിഞ്ഞി പൂക്കുന്നത്. ഒരുകാലത്ത് പശ്ചിമഘട്ടത്തിലെ ചോലമലനിരകളില്‍ വ്യാപകമായി പൂത്തുവന്ന അപൂര്‍വ പുഷ്പമായിരുന്നു നീലക്കുറിഞ്ഞി. ചുവപ്പ് കലര്‍ന്ന നീലപ്പൂക്കളാണ് സ്‌ട്രോബിലാന്തസ് കുന്തിയാന എന്നറിയപ്പെടുന്ന കുറിഞ്ഞിച്ചെടികള്‍ക്കുള്ളത്.
ഇപ്പോള്‍ നീലഗിരിയില്‍ മിക്കവാറും സ്ഥലത്ത് ഈ ചെടിയുടെ വംശനാശം വന്നുകഴിഞ്ഞു. ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്ത് കൊട്ടക്കാമ്പൂര്‍, വട്ടവിള പഞ്ചായത്തുകളിലും സമീപപ്രദേശങ്ങളിലുമാണ് ഇപ്പോഴും കുറിഞ്ഞിയുടെ സാന്നിധ്യം സജീവമായി നിലനില്‍ക്കുന്നത്. ആ ഒറ്റക്കാരണത്താല്‍ തന്നെ 12 വര്‍ഷത്തിലൊരിക്കല്‍ കുറിഞ്ഞി പൂക്കുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് അവിടെ ഈ അപൂര്‍വ ദൃശ്യത്തിന്റെ ആസ്വാദനത്തിനു വേണ്ടി എത്തിച്ചേരുന്നത്.
2006ലാണ് അവസാനമായി മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തിലേറെ ആളുകളാണ് അന്ന് സന്ദര്‍ശകരായി എത്തിച്ചേര്‍ന്നത്. ഈ വര്‍ഷം ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ വീണ്ടും കുറിഞ്ഞിയുടെ പൂക്കാലം വരും. സ്വാഭാവികമായും അഭൂതപൂര്‍വമായ ജനപ്രവാഹവും പ്രദേശത്തേക്കുണ്ടാവും എന്നു തീര്‍ച്ച.
അനിയന്ത്രിതമായ ടൂറിസ്റ്റ് പ്രവാഹം നീലക്കുറിഞ്ഞിയുടെ നിലനില്‍പിനു തന്നെ ഭീഷണിയാവുകയാണെന്നു തീര്‍ച്ച. സന്ദര്‍ശകര്‍ പലരും കുറിഞ്ഞിച്ചെടികള്‍ പറിച്ചെടുത്തുകൊണ്ടാണ് സ്ഥലംവിടുന്നത്. നേരത്തേ കുറിഞ്ഞി പൂത്തിരുന്ന പ്രദേശങ്ങള്‍ പലതും ഇപ്പോള്‍ കൃഷിയിടങ്ങളായി മാറിയിരിക്കുന്നു. അതിനു പുറമേ കുടിയേറ്റക്കാരായ കര്‍ഷകരുടെ സാന്നിധ്യവുമുണ്ട്. അവര്‍ പലതരം പച്ചക്കറികളും കിഴങ്ങുകളും നട്ടുവളര്‍ത്തുന്നു. ടൂറിസം വികസനത്തിന്റെ അപാര സാധ്യതകള്‍ കണ്ടറിഞ്ഞ് റിസോര്‍ട്ട് ലോബിയും കൈയേറ്റക്കാരും സജീവമായി രംഗത്തുണ്ട്. മൂന്നാറിലെ ഭൂമികൈയേറ്റം അമ്പരപ്പിക്കുന്നതാണ്. അതിനു കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രാദേശിക-സംസ്ഥാന നേതാക്കളും ഒത്താശ ചെയ്യുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് കുറിഞ്ഞിയുടെ സംരക്ഷണത്തിനായി ദേശീയ ഉദ്യാനം എന്ന ആശയം 2006ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. അന്നത്തെ വനം-പരിസ്ഥിതി മന്ത്രി ബിനോയ് വിശ്വം 32,000 ഹെക്റ്റര്‍ വരുന്ന പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും പ്രാഥമിക ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇറക്കുകയും ചെയ്തു. അതുകഴിഞ്ഞ് ഇപ്പോള്‍ 12 വര്‍ഷമായി. വീണ്ടും കുറിഞ്ഞി പൂക്കുന്ന സമയവുമായി. എന്നാല്‍, കുറിഞ്ഞിമല ഉദ്യാനം ഇന്നും കടലാസില്‍ തന്നെയാണ്. അതിന്റെ അതിരുകള്‍ അളന്നു തിട്ടപ്പെടുത്തി ഗസറ്റ് വിജ്ഞാപനത്തിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്യാന പ്രദേശം പൂര്‍ണമായും സുരക്ഷിതമാക്കേണ്ടതാണ്. അതിനുള്ള നടപടികള്‍ ഇതുവരെ എവിടെയും എത്തിയിട്ടില്ല. ഉദ്യാനത്തിന്റെ അതിരുകള്‍ സംബന്ധിച്ച് ഇതുവരെ കൃത്യമായ ധാരണയുമില്ല. ഉദ്യാനമായി മാറേണ്ട സ്ഥലങ്ങള്‍ പലതും കൈയേറ്റക്കാരുടെയോ കുടിയേറ്റക്കാരുടെയോ പിടിയിലുമാണ്. ഭരണകൂടം അവര്‍ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ തയ്യാറുമില്ല. അതിനാല്‍ നീലക്കുറിഞ്ഞികള്‍ കുറ്റിയറ്റുപോവാന്‍ ഇനി അധികസമയം വേണ്ടിവരില്ല എന്നു തീര്‍ച്ച. മനുഷ്യന്റെ തീരാത്ത ദുരയ്ക്ക് ഒരു ഇരകൂടി എന്നല്ലാതെ വേറെന്തുപറയാന്‍?

RELATED STORIES

Share it
Top