നീലക്കുറിഞ്ഞിയില്‍ ഷിഫ്‌നയുടെ അകക്കണ്ണ് തെളിഞ്ഞു

കെ എം അക്ബര്‍

തൃശൂര്‍: വേദി മൂന്ന് നീലക്കുറിഞ്ഞി. സമയം 5.50. സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഹയര്‍ സെക്കന്‍ഡറി വിഭാഗം മിമിക്രി വേദിയിലേക്ക് ഉമ്മയുടെ കൈപിടിച്ച് അവള്‍ പതുക്കെപ്പതുക്കെ നടന്നു. മല്‍സരം ആരംഭിക്കാനുള്ള പച്ചബള്‍ബ് കത്തി. കൂരിരുട്ട് തിങ്ങിയ അവളുടെ മിഴികള്‍ക്കത് കാണാന്‍ കഴിയില്ലായിരുന്നു. തിങ്ങിനിറഞ്ഞ സദസ്സും അവള്‍ കണ്ടില്ല. സംഘാടകരിലൊരാള്‍ ആ കുഞ്ഞുതോളില്‍ തട്ടി സമയമായെന്ന് കാതില്‍ പറഞ്ഞു.
പിന്നെ കാത്തുനിന്നില്ല. ശബ്ദാനുകരണത്തിന്റെ മാസ്മരികത പെയ്തിറങ്ങുകയായിരുന്നു അവിടെ. റെയില്‍വേ സ്‌റ്റേഷനിലെ അനൗണ്‍സ്‌മെന്റും ക്രിക്കറ്റ് കമന്ററിയും തൃശൂരിനെ കുറിച്ചുള്ള ഡയലര്‍ ട്യൂണ്‍ പരസ്യവും ശബ്ദമായി ഒഴുകി. സദസ്സിനെ അവള്‍ ചിരിപ്പിച്ചു, അമ്പരപ്പിച്ചു.
അവളുടെ പേര് ഷിഫ്‌ന മറിയം. തിരുവനന്തപുരം ചെങ്കോട്ടുകോണം തുണ്ടത്തില്‍ മാധവവിലാസം എച്ച്എസ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി.  ഇതു നാലാംതവണയാണ് ഷിഫ്‌ന മേളയ്‌ക്കെത്തുന്നത്.
കാക്കയും പൂച്ചയും വെടിക്കെട്ടുമൊക്കെയായി ശ്രോതാക്കളെ മടുപ്പിക്കാറുള്ള മിമിക്രി വേദിയില്‍ അവതരണത്തിലെ വേറിട്ട രീതിയാണ് ഷിഫ്‌നയെ ശ്രദ്ധേയയാക്കിയത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത ഷിഫ്‌ന ഏഴാം ക്ലാസ് വരെ വര്‍ക്കല ബ്ലൈന്‍ഡ് സ്‌കൂളിലാണ് പഠിച്ചത്.
സ്‌കൂളിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ കേട്ട സ്‌റ്റേഷനിലെ അനൗണ്‍സ്‌മെന്റ് ആദ്യം അനുകരിച്ചു. അവിടെ നിന്നു തുടങ്ങി ശബ്ദാനുകരണം എന്ന കലാപഠനം. കലാഭവന്‍ നൗഷാദില്‍ നിന്നു ഫോണ്‍ വഴി പരിശീലനം നേടി. നിരവധി ചാനലുകളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഷിഫ്‌ന സദസ്സിനെ കലക്കിമറിച്ചാണ് നീലക്കുറിഞ്ഞി വിട്ടത്.

RELATED STORIES

Share it
Top