നീറ്റ് പ്രവേശന പരീക്ഷ : വിദ്യാര്‍ഥിനികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതായി പരാതികണ്ണൂര്‍, തിരുവനന്തപുരം: മെഡിക്കല്‍/ഡെന്റല്‍ പ്രവേശനത്തിനു ദേശീയതലത്തില്‍ നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റി(നീറ്റ്)നെത്തിയ വിദ്യാര്‍ഥിനികളെ പരീക്ഷാ നിബന്ധനകളുടെ പേരില്‍ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി. ഇന്നലെ കണ്ണൂരിലാണു ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പരീക്ഷാഹാളിനു പുറത്ത് ഡ്രസ് മുഴുവന്‍ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചെന്നും പെണ്‍കുട്ടി പറയുന്നു. ജീന്‍സ് ധരിച്ചതിനാണ് മറ്റൊരു വിദ്യാര്‍ഥിനിയെ അപമാനിച്ചത്. ജീന്‍സിലെ പോക്കറ്റും മെറ്റല്‍ ബട്ടണും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് മൂന്ന് കിലോമീറ്റര്‍ യാത്രചെയ്ത് കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ടിവന്നു. ഒരു മുസ്‌ലിം വിദ്യാര്‍ഥിനിയുടെ മുഴുനീള ഉടുപ്പിന്റെ കൈ വെട്ടിച്ചെറുതാക്കിയശേഷം മാത്രമേ പരീക്ഷാഹാളിലേക്കു കയറ്റിയുള്ളൂവെന്നൂ രക്ഷിതാവ് പരാതിപ്പെട്ടു. അതേസമയം തിരുവനന്തപുരത്തെ സെന്ററായ ആറ്റുകാല്‍ ചിന്‍മയ വിദ്യാലയയില്‍ പരീക്ഷയെഴുതാനെത്തിയ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ഹിജാബ് അഴിപ്പിച്ചതായും ആക്ഷേപമുണ്ട്. ഹിജാബ് അഴിച്ചുവച്ചു മാത്രം പരീക്ഷാഹാളില്‍ കയറിയാല്‍ മതിയെന്നു മാനേജ്മന്റ് നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഫുള്‍ സ്ലീവ് ധരിച്ചെത്തിയവരെ പരീക്ഷയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും ഒരു വിഭാഗത്തിന്റെ ഹിജാബ് മാത്രം അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ചത് ദുരുദ്ദേശ്യപരമാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാനെത്തിയ കാംപസ് ഫ്രണ്ട് നേതാക്കളെ കാണാന്‍ പോലും മാനേജ്‌മെന്റ് തയ്യാറായില്ല. മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയാണ് ഞായറാഴ്ച നടന്നത്. രാജ്യത്ത് 104 നഗരങ്ങളിലായി 11 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. കേരളത്തില്‍ അഞ്ച് കേന്ദ്രങ്ങളിലായാണ് ഇന്നലെ നീറ്റ് പരീക്ഷ നടന്നത്.

RELATED STORIES

Share it
Top