നീറ്റ് പരീക്ഷ: വസ്ത്രമഴിച്ചുള്ള പരിശോധന വസ്ത്ര-മത സ്വാതന്ത്ര്യം ഹനിക്കുന്നതെന്നു കാംപസ് ഫ്രണ്ട്കോഴിക്കോട്: നീറ്റ് പരീക്ഷക്കെത്തിയവരുടെ വസ്ത്രമഴിച്ചു പരിശോധിച്ച സി ബി എസ് ഇ നടപടി വസ്ത്ര-മത സ്വാതന്ത്രം ഹനിക്കുന്നതാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ  പറഞ്ഞു. ഈ 21ാം നൂറ്റാണ്ടിലും കോപ്പിയടിയുടെ പേരില്‍ അപരിഷ്‌കൃത നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സിബിഎസ്ഇ നിലപാട് ലജ്ജാകാരമാണ്. വിദ്യാര്‍ത്ഥികളെ മുഴുവന്‍ കോപ്പിയടിക്കാരായും സംശയത്തോടെയും കാണുന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ല. പരീക്ഷക്ക് മുന്‍പ് അടിവസ്ത്രം അഴിപ്പിച്ചും പരസ്യമായി ഷര്‍ട്ടിന്റെ കയ്യ് മുറിക്കപ്പെട്ടും പരിശോധിച്ച് അപമാനിക്കപെടുന്ന വിദ്യാര്‍ഥികള്‍ എങ്ങനെ സ്വസ്ഥമായി പരീക്ഷയെഴുതും എന്ന് സി ബി എസ് ഇ വ്യക്തമാക്കണം.
പല സംസ്ഥാനങ്ങളിലും വസ്ത്രത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റിനെ ന്യായീകരിക്കുന്നതുമായ രീതിയിലാണ് സി ബി എസ് ഇ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പൗരന്മാരുടെ വസ്ത്ര സ്വാതന്ത്രത്തില്‍ നടത്തുന്ന കടന്നു കയറ്റത്തിന്റെ പ്രതിഫലനമാണ് സി ബി എസ് ഇ നിലപാടിലും കാണുന്നത്.

കഴിഞ്ഞ വര്‍ഷം എഐപിഎംടി (AIPMT)പരീക്ഷക്ക് മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ശിരോവസ്ത്രം അഴിപ്പിക്കാനുണ്ടായ സിബിഎസ്ഇ ശ്രമത്തെ തുടര്‍ന്ന് കാംപസ് ഫ്രണ്ട് ഉള്‍പ്പടെ നടത്തിയ പ്രക്ഷോഭനിയമ പോരാട്ടങ്ങളുടെ ഫലമായാണ് ഇപ്രാവശ്യം ഡ്രസ്സ് കോഡില്‍ ശിരോവസ്ത്രത്തിനു ഇളവ് നല്‍കിയത്. എന്നാല്‍ പല സ്ഥാപനങ്ങളിലും നിര്‍ദേശമില്ലാഞ്ഞിട്ടും നീറ്റ് പരീക്ഷക്ക് ശിരോവസ്ത്രം അഴിപ്പിക്കുകയുണ്ടായി. ഇത് സിബിഎസ്ഇയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധതയുടെ ഉദാഹരണമാണ്.

മതാചാര പ്രകാരം വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുക കൂടിയാണ് സിബിഎസ്‌സി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികളുടെ വസ്ത്രമത സ്വാതന്ത്രം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തില്‍  മെയ് 15 നു തിരുവനന്തപുരം സിബിഎസ് ഇ ആസ്ഥാനം ഉപരോധിക്കാനും കോഴിക്കോട്ട് വിദ്യാര്‍ത്ഥിനി സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം ശിഹാദ് കാളത്തോട്, മുസമ്മില്‍ എ എസ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഷജീര്‍ കല്ലമ്പലം പങ്കെടുത്തു

RELATED STORIES

Share it
Top