നീറ്റ് പരീക്ഷ: കര്‍ശന പരിശോധനയില്‍ വിദ്യാര്‍ഥികള്‍ കുഴങ്ങി

കണ്ണൂര്‍: മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) കണ്ണൂര്‍ ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടന്നു. ആകെ 8,829 പേരാണ് പരീക്ഷ എഴുതിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും എത്തി. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു പരീക്ഷാ സമയം. വിദ്യാര്‍ഥികള്‍ അതിരാവിലെ തന്നെ രക്ഷിതാക്കളോടൊപ്പം പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരായി. അതിനിടെ, വസ്ത്രധാരണത്തിലടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇക്കുറിയും വിദ്യാര്‍ഥികള്‍ക്ക് ആശയക്കുഴപ്പമുണ്ടായി. കഴിഞ്ഞ വര്‍ഷം വസ്ത്രപരിശോധന അതിരുകടന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
വിവാദങ്ങള്‍ ഒഴിവാക്കാന്‍ കരുതലോടെയാണ് അധികൃതര്‍ ഇടപെട്ടത്.  ഇളംനിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളേ ഉപയോഗിക്കാവൂ എന്ന നിര്‍ദേശമുണ്ടായിട്ടും ചില വിദ്യാര്‍ഥിനികള്‍ എത്തിയത് മുഴുക്കൈ വസ്ത്രമണിഞ്ഞ്. ഇവരെ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപികമാര്‍ തടഞ്ഞു. ഒടുവില്‍ രക്ഷിതാക്കളുടെ സഹായത്തോടെ വെളിയില്‍നിന്ന് ഫുള്‍സ്ലീവ് കട്ട് ചെയ്താണു അകത്തുകയറിയത്. എന്നാല്‍, മുഴുക്കൈ വസ്ത്രമണിഞ്ഞെത്തിയ ചിലരെ പരീക്ഷ ഹാളിലേക്ക് കയറ്റിവിട്ടതായി ആക്ഷേപമുണ്ട്. ചെരിപ്പോ, ഭക്ഷണസാധനമോ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോവാന്‍ അനുവദിച്ചില്ല.
ഫോട്ടോ പതിച്ച അഡ്മിറ്റ് കാര്‍ഡ് സൂക്ഷ്മമായി പരിശോധിച്ച ശേഷം പരീക്ഷയെഴുതാനുള്ള പേനകള്‍ അധികൃതര്‍ നല്‍കി. ഒട്ടേറെ പരീക്ഷാര്‍ഥികളെ മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച്് പരിശോധിക്കുന്നതിനിടെ ‘ബീപ്’ ശബ്ദം ഉയര്‍ന്നു. വസ്ത്രത്തിലെ ലോഹാംശം നീക്കാന്‍ നിര്‍ദേശം നല്‍കി. വസ്ത്രം മാറാനായി ഒരുക്കിയ താല്‍ക്കാലിക സംവിധാനം ഉപയോഗിച്ച് ലോഹാംശം നീക്കിയാണ് ഇവരെല്ലാം പരീക്ഷാ ഹാളിലേക്ക് പോയത്.
ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികള്‍ ഒരു മണിക്കൂര്‍ മുമ്പേ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരായി പരിശോധനയ്ക്ക് വിധേയരായി. തളിപ്പറമ്പിലെ കേന്ദ്രത്തില്‍ അംഗപരിമിത വിദ്യാര്‍ഥിക്ക് വീല്‍ചെയര്‍ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ഒമ്പത് കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഹെല്‍പ് ഡസ്‌കുകള്‍ തുറന്നിരുന്നു.
ഇവിടെനിന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. വിവിധ പരീക്ഷാ കേന്ദ്രങ്ങളുടെ വെളിയില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തിനും കുടിവെള്ളത്തിനും സൗകര്യമൊരുക്കിയിരുന്നു.

RELATED STORIES

Share it
Top