നീറ്റ് പരീക്ഷ ഇന്ന്; വസ്ത്രധാരണത്തില്‍ കര്‍ശന നിയന്ത്രണം

കണ്ണൂര്‍: മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് ഇന്ന് കണ്ണൂര്‍ ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പരീക്ഷയെഴുതാന്‍ എത്തിയിട്ടുണ്ട്. വസ്ത്രധാരണത്തിലടക്കം കര്‍ശന നിയന്ത്രണങ്ങളാണ് ഇക്കുറിയും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പരീക്ഷയുടെ ഭാഗമായി വസ്ത്രപരിശോധന അതിരുകടന്നത് കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഇക്കുറി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതായി സംഘാടകര്‍ പറഞ്ഞു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് പരീക്ഷാ സമയം. 7.30 മുതല്‍ ഹാളില്‍ കയറാം. 9.30യ്ക്കു ശേഷമെത്തുന്നവരെ പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാര്‍ഡും പാസ്‌പോര്‍ട്ട്് സൈസ് ഫോട്ടോയും കരുതണം. പേന പരീക്ഷാ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളും ചെറിയ ഹീലുള്ള ചെരിപ്പുകളുമേ ഉപയോഗിക്കാവൂ. പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാം. ഇവര്‍ പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണം. ഭക്ഷണസാധനം ഉള്‍പ്പെടെ സെന്ററിലേക്ക് കൊണ്ടുപോവരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ഥിനിയുടെ അടിവസ്ത്രമഴിച്ച് മാറ്റുകയും, മറ്റൊരു വിദ്യാര്‍ഥിനിയുടെ ജീന്‍സിന്റെ പോക്കറ്റുകള്‍ കീറിക്കളാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പലര്‍ക്കും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ചാണ് പരീക്ഷയെഴുതാന്‍ കഴിഞ്ഞത്. സംഭവം വിവാദമായതോടെ സിബിഎസ്ഇ തന്നെ സംഭവത്തില്‍ ഇടപെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് അധ്യാപികമാരെ സസ്്‌പെന്‍ഡ് ചെയ്തിരുന്നു.

RELATED STORIES

Share it
Top