നീറ്റ് പരീക്ഷാഹാളില്‍ വിദ്യാര്‍ഥിനിയെ അശ്ലീല ചുവയോടെ തുറിച്ചുനോക്കി; നിരീക്ഷകനെതിരേ പോലിസ് കേസെടുത്തു

പാലക്കാട്: നീറ്റ് പരീക്ഷാഹാളില്‍ വിദ്യാര്‍ഥിനിയെ അശ്ലീല ചുവയോടെ തുറിച്ചു നോക്കിയ പരാതിയില്‍ നിരീക്ഷകനെതിരെ പോലിസ് കേസെടുത്തു. മെറ്റല്‍ ഹുക്ക് ഉള്ളതിന്റെ പേരില്‍ അടിവസ്ത്രം അഴിച്ചുവച്ചിരുന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.
പാലക്കാട് നഗരത്തിലെ ലയണ്‍സ് സ്‌കൂളിലാണ് സംഭവം. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ നിരീക്ഷകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പായി വിദ്യാര്‍ഥികളെ മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രത്തില്‍ മെറ്റല്‍ ഭാഗമുള്ളതായി സൂചിപ്പിച്ചതിനെ തുടര്‍ന്ന് ഡ്രസ് കോഡ് പാലിക്കാനായി വിദ്യാര്‍ഥിനികള്‍ അടിവസ്ത്രം അഴിച്ചുവച്ചു. ഇളംനിറമുള്ള വസ്ത്രം ധരിക്കണമെന്നും ഷാള്‍ ഉപയോഗിക്കരുതെന്നും ഡ്രസ് കോഡിലുണ്ട്.
ഇതുപ്രകാരം പരീക്ഷാഹാളില്‍ ഇരിക്കുമ്പോഴാണ് നിരീക്ഷണത്തിനെത്തിയ ഉദ്യോഗസ്ഥന്‍ തുറിച്ചുനോക്കിയതെന്ന് പറയുന്നു. നോട്ടം അസഹ്യമായപ്പോള്‍ ചോദ്യപേപ്പര്‍ ഉപയോഗിച്ച് മറയ്‌ക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. പരാതിപ്രകാരം ഇന്ത്യന്‍ശിക്ഷാ നിയമം 509 വകുപ്പുപ്രകാരം കേസെടുത്തതായി ടൗണ്‍ നോര്‍ത്ത് എസ്‌ഐ ആര്‍ രഞ്ജിത്ത് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

RELATED STORIES

Share it
Top