നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

കൊച്ചി: നീറ്റ് പരീക്ഷ എഴുതാന്‍ തമിഴ്‌നാടില്‍ നിന്നെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. തമിഴ്‌നാട് തിരുവാരൂര്‍ തിരുത്തുറൈപ്പൂണ്ടി കൈകാട്ടി വെസ്റ്റ് സ്ട്രീറ്റ് 6/48ല്‍ കൃഷ്ണസ്വാമി ശ്രീനിവാസന്‍ (46) ആണു മരിച്ചത്. എറണാകുളം തമ്മനം നളന്ദ പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതാനെത്തിയ കസ്തൂരി മഹാലിംഗം എന്ന വിദ്യാര്‍ഥിയുടെ പിതാവാണ് കൃഷ്ണസ്വാമി. ശനിയാഴ്ച രാവിലെയോടെയാണ് നീറ്റ്്് പരീക്ഷ എഴുതാനായി മകന്‍ കസ്തൂരിക്കൊപ്പം കൃഷ്ണസ്വാമി കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ഷേണായീസിനു സമീപം ഹോട്ടല്‍മുറിയെടുത്തു. ഇന്നലെ രാവിലെ മകന്‍ പരീക്ഷയെഴുതാന്‍ പോയെങ്കിലും കൃഷ്്ണസ്വാമി ഒപ്പം പോയിരുന്നില്ല. ഹോട്ടലില്‍ തന്നെ തങ്ങിയ കൃഷ്ണസ്വാമിക്ക് രാവിലെ 7.30 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹം തന്നെ ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ആശുപത്രിയില്‍ പോവണമെന്ന് അറിയിച്ചു. ഹോട്ടല്‍ മാനേജരും കൃഷ്ണസ്വാമിയുടെ ബന്ധുവുമായ മുരുകന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികൃതര്‍ മറ്റൊരാശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് അവിടെയെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് മോര്‍ച്ചറിയിലേക്കു മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം 4.30 ഓടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
പോലിസും റവന്യൂ അധികൃതരും മൃതദേഹത്തെ തിരുവാരൂര്‍ വരെ അനുഗമിച്ചു. തിരുവാരൂരിനു സമീപം സര്‍ക്കാര്‍ ലൈബ്രേറിയനാണ് കൃഷ്ണസ്വാമി. തിരുവാരൂര്‍ ഗവ. സ്‌കൂള്‍ പ്രധാനാധ്യാപിക ബി മഹാദേവിയാണു ഭാര്യ. മകള്‍ ഐശ്വര്യ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.

RELATED STORIES

Share it
Top