നീറ്റ്: അടിവസ്ത്രം അഴിപ്പിച്ച ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ പെണ്‍കുട്ടിയുടെ സാന്നിധ്യത്തില്‍ തിരിച്ചറിഞ്ഞ ശേഷം അവരുടെ ഭാഗം കേട്ട് ആരോപണം സത്യമാണെന്നു തെളിഞ്ഞാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉേദ്യാഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പരീക്ഷാഹാളിലുണ്ടായിരുന്ന മുഴുവന്‍  സൂപ്പര്‍വൈസര്‍മാരെയും ബന്ധപ്പെട്ട ജീവനക്കാരെയും ചോദ്യം ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചത് എന്തിന്റെ പേരിലായാലും മനുഷ്യാവകാശ ലംഘനമാണെന്നു കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മേലധികാരികളുടെ ആവശ്യപ്രകാരമാണ് ഇത്തരത്തില്‍ ചെയ്തതെന്ന വാദം നിരര്‍ഥകമാണ്. നിയമവിരുദ്ധവുമാണ്.
പരീക്ഷ നടത്തിപ്പിനെത്തിയ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥിനിയെ തുറിച്ചു നോക്കിയെന്ന ആരോപണം പരാതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നതായി കമ്മീഷന്‍ ചൂണ്ടികാണിച്ചു. പാലക്കാട് സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂളിലാണ് സംഭവം. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ വിദ്യാര്‍ഥിനി പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top