നീറിക്കാട് മോഷണം; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍കോട്ടയം: നീറിക്കാട് മോഷണത്തിനിടെ വീട്ടമ്മ അടക്കം നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു തമിഴ്‌നാട് സ്വദേശികള്‍ പോലിസിന്റെ പിടിയിലായി. തമിഴ്‌നാട് ശിവഗംഗയിലെ തിരുട്ടു ഗ്രാമസംഘാംഗങ്ങളാണ് പിടിയിലായത്. മോഷണ സംഘ തലവന്‍ ശെല്‍വരാജിനെയും കൂട്ടാളി രാജ്കുമാറിനെയുമാണ് പോലിസ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയുടെ സഹോദരന്‍ അരുള്‍രാജിനെ ഇനിയും പിടികൂടാനുണ്ട്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മയുടെ കാഴ്ച ശക്തി തകരാറിലായിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് നീറിക്കാട് അയ്യങ്കോവില്‍ മഹാദേവക്ഷേത്രത്തിനു സമീപം തെക്കേച്ചാലയ്ക്കല്‍ അമ്മനത്തു വീട്ടില്‍ റോയി (45), ഭാര്യ ഡെയ്‌സി (38), ഇടപ്പള്ളി കുഞ്ഞ് (50), ഭാര്യ ശോഭ(45) എന്നിവരെ ആക്രമിച്ചു സംഘം മൂന്നര പവന്റെ സ്വര്‍ണം കവര്‍ന്നത്.നീറിക്കാടിന്റെ 400 മീറ്റര്‍ പരിധിയിലുള്ള മൂന്നു വീടുകളിലാണ് ഒരു മണിക്കൂറിനിടെ സംഘം ആക്രമണം നടത്തിയത്. മോഷണം നടത്തിയ സംഘത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിനിരയായ റോയി അയര്‍ക്കുന്നം പോലിസ് സ്റ്റേഷനിലെത്തി കേസിലെ പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഇവര്‍ തന്നെയാണ് പ്രതികളെന്നു പോലിസ് ഉറപ്പിച്ചത്.മോഷണത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ ഇന്നലെ പുലര്‍ച്ചയോടെ തന്നെ പോലിസ് സംഘം പിടികൂടിയിരുന്നു. അയര്‍ക്കുന്നത്തു നിന്നു മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തിയത്. പ്രദേശത്തെ പത്തിലേറെ വീടുകളില്‍ മോഷണം നടത്താന്‍ സംഘം പദ്ധതി തയ്യാറാക്കിയിരുന്നതായി പോലിസ് സംഘം പറയുന്നു. എന്നാല്‍, കുഞ്ഞിന്റെ വീട്ടില്‍ നടന്ന മോഷണത്തിനു ശേഷം സംഭവം നാട്ടുകാര്‍ അറിഞ്ഞതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് പ്രതികള്‍ മോഷണം അവസാനിപ്പിച്ചു മടങ്ങാന്‍ തയ്യാറായതെന്നാണ് സൂചന. മോഷണം അറിഞ്ഞെത്തിയ പോലിസ് സംഘം സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ തടയുകയായിരുന്നു. എന്നാല്‍, പ്രതികളില്‍ ഒരാള്‍ പോലിസിന്റെ കണ്ണുവെട്ടിച്ചു മുങ്ങി. പിടികൂടിയ പ്രതികളെ  പോലിസ് ചോദ്യം ചെയ്‌തെങ്കിലും തങ്ങള്‍ കൂലിപ്പണിക്കായി എത്തിയവരാണെന്ന നിലപാടാണ് പ്രതികള്‍ ആദ്യം സ്വീകരിച്ചത്. ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്‍, എഎസ്പി ചൈത്രാ തേരേസ ജോണ്‍, ഡിവൈഎസ്പി സക്കറിയ മാത്യു, സിഐമാരായ നിര്‍മല്‍ ബോസ്, അനീഷ് വി കോര, എസ്‌ഐമാരായ എം ജെ അരുണ്‍, യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്തത്. ഇവരുടെ കൂട്ടാളിയും പിടിയിലായ രാജ്കുമാറിന്റെ സഹോദരനുമായ അരുള്‍രാജിനെ കണ്ടെത്തുന്നതായി ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള മൂന്നു സംഘം തമിഴ്‌നാട് അതിര്‍ത്തിയിലേയ്ക്കു തിരിച്ചിട്ടുണ്ട്.മോഷണം നടത്തിയതിനു മുന്നു ദിവസം മുമ്പ് പ്രതികള്‍ അയക്കുന്നം നീറിക്കാട് പ്രദേശത്ത് എത്തിയതായി നാട്ടുകാര്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്.കച്ചവടക്കാരെന്ന വ്യാജേനെയാണ് പ്രതികള്‍ ഇവിടെ എത്തിച്ചേര്‍ന്നത്. മഴക്കാലമെത്തിയതോടെ രാത്രിയില്‍ മോഷണം നടത്തുന്നതിനായിരുന്നു പദ്ധതി.

RELATED STORIES

Share it
Top