നീര്‍പക്ഷികളുടെ ആവാസകേന്ദ്രമായ മഴമരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു; 30 പക്ഷിക്കൂടുകള്‍ നിലംപതിച്ചു

കാഞ്ഞങ്ങാട്: മഴമരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ നീര്‍കാക്കകളുടേയും കൊക്കുകളുടേയും ആവാസ കേന്ദ്രമായ മരത്തില്‍ നിന്നും നിലംപതിച്ചത് പറക്കമുറ്റാത്ത നിരവധി പക്ഷികുഞ്ഞുങ്ങള്‍. തിങ്കളാഴ്ച രാത്രിയാണ് പരിസരവാസികളായ ചിലര്‍ നീര്‍കാക്കകളുടെ കാഷ്ടം ശല്യമാണെന്ന് കണ്ട് മരത്തിന്റെ പകുതിയോളം ശിഖരങ്ങള്‍ വെട്ടിമാറ്റിയത്. ആദി കവിയായ വാക്മീകി ‘മാനിഷാദ എന്ന് പറഞ്ഞതുപോലെ ഇവരോട് പറയാന്‍ ആരുമുണ്ടായിരുന്നില്ല. പരിസ്ഥിതിയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇപ്പോഴും രാഷ്ട്രീയക്കാരൊന്നും രംഗത്തുവന്നിട്ടില്ല. മരശിഖരങ്ങളില്‍ നിന്നും ജീവനുവേണ്ടി നിലവിളിക്കുന്ന പിഞ്ചുപക്ഷികളുടെ കരച്ചില്‍ ആരുടേയും മനസ്സലിയിപ്പിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പടന്നക്കാട് മേല്‍പ്പാലത്തിന് അടിവശത്തുള്ള മഴമര—ത്തിലാണ് 67 ഓളം വിവിധ ഇനം കൊക്കുകള്‍ കൂടുകൂട്ടിയിരുന്നത്. നീര്‍ക്കാക്കകള്‍ സാധാരണയായി തണ്ണീര്‍ തടത്തിന് സമീപമാണ് കൂടുവെക്കുന്നതെങ്കിലും ശത്രുക്കളുടെ ഉപദ്രവില്ലാതിരിക്കാനാണ് നഗര പരിസരത്തെ മഴമരത്തില്‍ കൂടുവെച്ചതെന്ന് പക്ഷിശാത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നുണ്ട്. പറക്കമുറ്റാറായ രണ്ടും മൂന്നും കുഞ്ഞുങ്ങളാണ് വെട്ടിമാറ്റിയ ശിഖരത്തിലെ കൂട്ടിലുണ്ടായിരുന്നത്. പൊതുമരാമത്ത് സ്ഥലത്ത് മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് സമീപത്തെ രണ്ടോ മൂന്നോ ആളുകളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വെട്ടിമാറ്റിയത്. നീര്‍കൊക്കുകളെ കുറിച്ച് ഗവേഷണം നടത്തുന്ന റോഷ്‌നാദ് റമീഷാണ് ഈ മരത്തില്‍ 67 കൂടുകളുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തിലെ മുഴുവന്‍ ജലപക്ഷികളുടെയും ആവാസ വ്യവസ്ഥയെ കുറിച്ച് കണക്കെടുപ്പ് എടുത്ത് വരികയായിരുന്നു കേന്ദ്രസര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി കൂടിയായ ഇദ്ദേഹം.ഏതാനും ദിവസം മുമ്പാണ് ജില്ലയിലെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. പത്ത് വലിയകുളക്കൊക്ക്, 51 സാധാരണ കുളക്കൊക്ക്, ആറ് കിന്നരി നീര്‍കാക്ക എന്നിവയാണ് ഈ മരത്തില്‍ ഉണ്ടായിരുന്നത്. ജില്ലയില്‍ 18 ഓളം സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നീര്‍കാക്കകളുടെ സങ്കേതമുള്ളതെന്നും കാഞ്ഞങ്ങാട് നഗരസഭയില്‍ ഇവയെ കൂടുതലായും കണ്ടുവരുന്നതായും റമീഷ് പറഞ്ഞു. 2014 ല്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 300 ഓളം നീര്‍കൊക്കുകളുടെ കോളനി ഉണ്ടായിരുന്നത് ഇപ്പോള്‍ 110 ആയി ചരുങ്ങിയിട്ടുണ്ട്. മരങ്ങളില്‍ തകിട് കെട്ടി ചരട് വലിച്ച് ഇവയുടെ ആവാസം ഇല്ലാതാക്കാന്‍ റെയില്‍വേയിലെ ജീവനക്കാര്‍ ശ്രമിക്കുന്നതിനാല്‍ കൂട് വിട്ട് പോവുകയായിരുന്നു. കൊക്കുകളുടെ ആവാസ കേന്ദ്രമായ പടന്നക്കാട് മഴമരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും സാമൂഹിക വനവല്‍ക്കരണ വിഭാഗം ഓഫിസര്‍ ബിജു പറഞ്ഞു.

RELATED STORIES

Share it
Top