നീരവ് മോദിയുമായി ദാവോസില്‍ പ്രധാനമന്ത്രിയുടെ രഹസ്യ ചര്‍ച്ച

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടി മുങ്ങിയ രത്‌നവ്യാപാരി നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രഹസ്യ ചര്‍ച്ച നടത്തിയതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുടെ ആരോപണം.
നീരവ് മോദിയും സഹോദരനും പ്രധാനമന്ത്രിയുമായി ദാവോസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ചില കേന്ദ്രങ്ങള്‍ തന്നോട് വെളിപ്പെടുത്തി എന്ന് മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദി ട്വിറ്ററിലൂടെ അറിയിച്ചു. ദ സ്റ്റേറ്റ്‌സ്മാ ന്‍, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ വയര്‍, എ ന്‍ഡിടിവി ഡോട്ട്‌കോം, ഡെയ്‌ലിഒ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് സ്വാതി ചതുര്‍വേദി.
ദാവോസില്‍ നീരവ് മോദി പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുന്നതിന്റെ ചിത്രം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. 11,346 കോടി രൂപയുടെ തട്ടിപ്പ്‌കേസിന്റെ എഫ്‌ഐആര്‍ തയ്യാറാക്കുംമുമ്പ് നീരവ് രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണു പ്രധാനമന്ത്രിയോടൊപ്പം നീരവ് ഇരിക്കുന്ന ഫോട്ടോയും ഇരുവരും കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും പുറത്തുവന്നിട്ടുള്ളത്്.
എഫ്‌ഐആര്‍ തയ്യാറാക്കുന്നതിന് ഒരാഴ്ച മുമ്പ് ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോയിലാണ് നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പമുള്ളത്. പിഎന്‍ബിയുടെ മുംബൈ ശാഖയില്‍നിന്നാണ് നീരവ് പണം തട്ടിയത്. തട്ടിപ്പിലൂടെ വിദേശത്തെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി പണം പിന്‍വലിക്കുകയായിരുന്നു. ബാങ്കിന്റെ പരാതില്‍ സിബിഐയും ഇഡിയും അന്വേഷണം നടത്തിവരികയാണ്്.

RELATED STORIES

Share it
Top