നീരവ് മോദിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 637 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

കെ എ സലിം

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്തു മുങ്ങിയ ഗുജറാത്തി വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ഇന്ത്യയുള്‍െപ്പടെ അഞ്ചു രാജ്യങ്ങളിലെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. ഇതില്‍ ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടും. 13,600 കോടിയാണ് ഇയാള്‍ പഞ്ചാബ് നാഷനല്‍ ബാങ്കിനു നല്‍കാനുള്ളത്. അപൂര്‍വം കേസുകളില്‍ മാത്രമാണ് വിദേശത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാറ്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുന്നത്. ലണ്ടനിലെ സ്വത്തുക്കള്‍, സിംഗപ്പൂര്‍ ബാങ്കിലെ പണം, മുംബൈയിലെ ഫഌറ്റ്, ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കു കയറ്റിയയച്ച വജ്രം പതിച്ച ആഭരണങ്ങള്‍ എന്നിവയാണു കണ്ടുകെട്ടിയതില്‍ ചിലത്.
വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് മൂന്നുമാസം നടത്തിയ ശ്രമഫലമായാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അതത് രാജ്യങ്ങളിലെ കോടതികളുടെ അനുമതി നേടിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി ഈ രാജ്യങ്ങളിലെ കോടതിയില്‍ നിന്ന് ലെറ്റര്‍ റോഗറ്ററികള്‍ (ഒരു രാജ്യത്തെ കോടതിയില്‍ നിന്നു മറ്റൊരു രാജ്യത്തെ കോടതിയിലേക്ക് നിയമം നടപ്പാക്കാന്‍ സഹായിക്കാന്‍ നിയമപ്രകാരമുള്ള അപേക്ഷ) സംഘടിപ്പിച്ചു. അതത് രാജ്യങ്ങളുടെ ഏജന്‍സികളുടെ സഹായവും ലഭിച്ചു. അതുകൊണ്ടാണ് വജ്രാഭരണങ്ങളും ബാങ്ക് അക്കൗണ്ടിലെ പണവും നിര്‍ജീവ ആസ്തികളും കണ്ടുകെട്ടാനായതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
കണ്ടുകെട്ടിയ ന്യൂയോര്‍ക്കിയെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളുടെ വില 216 കോടിയാണ്. ലണ്ടനിലെ മേരെലെബോണ്‍ റോഡിലെ ഫഌറ്റിന് 56.97 കോടി വിലയുണ്ട്. നീരവ് മോദിയുടെ സഹോദരി പൂര്‍വിയാണ് അതിന്റെ പ്രായോജക ഉടമ.
23 ഷിപ്പ്‌മെന്റുകളിലായി ഹോങ്കോങില്‍ നിന്ന് ഇന്ത്യയിലെത്തിയ 22.69 കോടിയുടെ വജ്രാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സിംഗപ്പൂര്‍ ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്നത് 44 കോടി രൂപയാണ്. ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡിലുള്ള കമ്പനിയുടെ പേരിലുള്ളതായിരുന്നു അക്കൗണ്ട്. പൂര്‍വി മോദിയും അവരുടെ ഭര്‍ത്താവ് മായിയങ്ക് മേത്തയുമാണ് അക്കൗണ്ടിന്റെ കൈകാര്യകര്‍ത്താക്കള്‍.
പൂര്‍വിയുടെയും നീരവിന്റെയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ അഞ്ചു രാജ്യങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 278 കോടിയും കണ്ടുകെട്ടി. നീരവ് മോദിക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഈ അക്കൗണ്ടുകളിലേക്കെല്ലാം പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
ദക്ഷിണ മുംബൈയിലെ കണ്ടുകെട്ടിയ ഫഌറ്റിന്റെ മൂല്യം 19.5 കോടിയാണ്. അതും പൂര്‍വി മോദിയുടെ പേരിലാണുള്ളത്. 700 കോടിയുടെ സ്വത്തുക്കളാണ് ഏജന്‍സി ഇതുവരെ കണ്ടുകെട്ടിയത്. ഈ കേസിലെ മറ്റൊരു പ്രതിയായ ആദിത്യ നാനാവതിക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേസിലെ പ്രതികളായ നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവര്‍ കഴിഞ്ഞ ജനുവരിയിലാണ് രാജ്യം വിട്ടത്. നീരവ് യുകെയില്‍ അഭയത്തിന് ജൂണില്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. ചോക്‌സി ആന്റിഗ്വ ആന്റ് ബര്‍ബുദയുടെ പൗരത്വം നേടി അവിടെയാണ് താമസിക്കുന്നതെന്നാണു കരുതുന്നത്. ചോക്‌സിയെ ഇന്ത്യക്ക് കൈമാറുന്നതിന് ആന്റിഗ്വ ആന്റ് ബര്‍ബുദ അധികൃതര്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top