നീരവിനും ചോക്‌സിക്കുമെതിരേ കൂടുതല്‍ പരാതികള്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു കോടികള്‍ തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോദിക്കും ബന്ധു മെഹുല്‍ ചോക്‌സിക്കുമെതിരേ കൂടുതല്‍ പരാതികള്‍. രാജ ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 13 വ്യവസായികളും 24 സ്ഥാപനങ്ങളുമാണ് ഇരുവര്‍ക്കുമെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2013-17 കാലയളവില്‍ ഇവരുടെ ജ്വല്ലറിയായ ഗീതാഞ്ജലിയുടെ ശാഖകള്‍ ആരംഭിച്ചവരാണ് സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന് ആരോപിച്ചു പരാതി നല്‍കിയിട്ടുള്ളത്.
ഡല്‍ഹി, ആഗ്ര, മീറത്ത്, ബംഗളൂരു, മൈസൂരു, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുള്ളവരാണ് കുറ്റകരമായ ഗൂഢാലോചന, തട്ടിപ്പ്, കരാര്‍ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുന്നത്. ശാഖകള്‍ ആരംഭിക്കുന്നതിനുള്ള രത്‌നങ്ങള്‍ക്കായി 3 കോടി മുതല്‍ 20 കോടി വരെ പരാതിക്കാരില്‍ നിന്നു മുകുള്‍ ചോക്‌സിയുടെ നേതൃത്വത്തില്‍ ഇവര്‍ കൈപ്പറ്റിയതായി പരാതിക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം, ചോക്‌സിയുടെ കമ്പനിയുമായി ബന്ധപ്പെട്ട ബാധ്യതകള്‍ അടക്കമുള്ളവ പരിശോധിച്ചുവരുകയാണെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ പ്രതികരിച്ചു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി വൈഭവ് കുര്‍ണിയയാണ് ചോക്‌സിക്കെതിരേ ആദ്യമായി പരാതി ഉന്നയിച്ചത്. രജൗറി ഗാര്‍ഡനില്‍ ഇദ്ദേഹം തുറന്ന ജ്വല്ലറി ശാഖയ്ക്കായി 3 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍ കരാറുകള്‍ക്കു വിരുദ്ധമായി ഗീതാഞ്ജലി അധികൃതര്‍ വിപണിമൂല്യം കുറഞ്ഞ ഉല്‍പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്കു നല്‍കി കബളിപ്പിച്ചതു മൂലം ഷോറൂം പൂട്ടേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു.
കര്‍ണാടക കേന്ദ്രീകരിച്ചാണ് ഗീതാഞ്ജലി ഗ്രൂപ്പിനെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്. മൈസൂരുവിലെ ശാഖാ ഉടമയ്ക്ക് നല്‍കിയ 1.7 കോടിയുടെ ചെക്ക് 2015ല്‍ മടങ്ങിയെന്നതാണ് ഇതിലെ ആദ്യത്തേത്. ഇതിനു പുറമെ ഗീതാഞ്ജലി ഉല്‍പന്നങ്ങള്‍ വിറ്റ വകയില്‍ നല്‍കാനുള്ള 5 കോടി നല്‍കിയില്ലെന്നതാണ് മറ്റൊരു പരാതി. നിരവധി പരാതികള്‍ ചോക്‌സി സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കിയെന്നും ആരോപണമുണ്ട്.

RELATED STORIES

Share it
Top