നീതി ശാസ്ത്രവും രാഷ്ട്രതന്ത്രവും

   ഹൃദയതേജസ്     /      ടി.കെ. ആറ്റക്കോയ


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്ന് നാം അഭിമാനിക്കുന്നു. എന്നാല്‍, ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരാത്തവിധമുള്ള നിയമങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ധൃതിയിലാണ് കുറേ കാലമായി ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍. രാജ്യദ്രോഹികളല്ല, നിരപരാധികളാണ് ശിക്ഷിക്കപ്പെടുന്നത് എന്നത്, ഈ നിയമങ്ങളത്രയും കൊണ്ടുവന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടിയായിരുന്നില്ല എന്ന സത്യമാണ് വിളിച്ചറിയിക്കുന്നത്.  ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അതിലെ വകുപ്പുകള്‍ ഉപയോഗിച്ചു കൊണ്ടുതന്നെ ധ്വംസിക്കപ്പെടുന്നു. ഇതിനെല്ലാം മാധ്യമങ്ങള്‍ ശക്തമായ പിന്തുണയും നല്‍കിപ്പോരുന്നു. 2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് നിരപരാധിയെന്നു കണ്ട് കുറ്റവിമുക്തമാക്കപ്പെടുകയും ചെയ്ത ഗിലാനി ഇങ്ങനെ പറഞ്ഞു: 'നിരപരാധികളില്‍ കുറ്റം ചുമത്തിയതുകൊണ്ട് നിങ്ങള്‍ക്കു വികാരങ്ങളെ അടിച്ചമര്‍ത്താനാവുകയില്ല. നീതിക്കൊപ്പം വരുന്നതാണ് സമാധാനം. നീതിയുടെ അഭാവത്തില്‍ ജനാധിപത്യം പുലരുകയില്ല. ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയിലാണ്.'

മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും ജനാധിപത്യസംവിധാനങ്ങളുടെ നിര്‍മാണവുമാണ് ഐക്യവും സമാധാനവും സ്ഥാപിക്കാന്‍ സ്വീകരിക്കേണ്ട വഴികള്‍. ഈ വിവേകപൂര്‍വമായ നിര്‍ദേശങ്ങള്‍ ഭരണകര്‍ത്താക്കള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിയമം നീതിക്കൊപ്പം നില്‍ക്കാത്ത സാഹചര്യം. അധികാരിവര്‍ഗത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ കടപ്പെട്ട ഉപകരണമായി മാറി നിയമം. മനുഷ്യമനസ്സിലെ സമത്വഭാവനയുടെ പ്രയോഗവല്‍ക്കരണത്തിനായുള്ള സംവിധാനം എന്ന നിലയ്ക്കല്ല, അല്ലെങ്കില്‍ ക്ഷേമരാഷ്ട്രത്തിന്റെ ആവശ്യത്തിനായല്ല, കിരാതമായ ഭരണകൂടങ്ങളുടെ ആയുധങ്ങളായാണ് നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിക്ഷിപ്തതാല്‍പര്യങ്ങളുള്ളവര്‍ പൊതുതാല്‍പര്യങ്ങള്‍ക്കായോ ജനകീയാവശ്യങ്ങള്‍ക്കായോ അല്ല നിയമവ്യവസ്ഥയേയൊ, ഭരണഘടനയെ തന്നെയോ കൈയിലെടുക്കുക.

തത്ത്വത്തില്‍ നിയമാധിപന്മാര്‍ രാജാക്കന്മാര്‍ക്ക് മേലെയായിരുന്നെങ്കിലും പ്രയോഗത്തില്‍ നിയമാധിപന്മാരുടെ നിയന്താക്കള്‍ രാജാക്കന്മാര്‍ തന്നെയായിരുന്നു. രാജാക്കന്മാര്‍ക്ക് ശേഷം, ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം പിടിച്ചെടുത്തപ്പോഴും അതേ സ്ഥിതി തന്നെ തുടര്‍ന്നു. ആ കാലഘട്ടത്തിലാണ് കോടതികള്‍ ധാരാളമായി സ്ഥാപിക്കപ്പെട്ടത്. ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം പതിനേഴു വര്‍ഷം പിന്നിട്ടപ്പോഴേക്കും കൊല്‍ക്കത്തയില്‍ സുപ്രിംകോടതി സ്ഥാപിച്ചു. ഈ കോടതികള്‍ ചെയ്തത് ബ്രിട്ടന്‍ ഇന്ത്യയില്‍നിന്നു കൊള്ള ചെയ്ത് കടത്തിക്കൊണ്ടുപോകുന്നതില്‍ നിന്നു ജനശ്രദ്ധ തിരിക്കുകയായിരുന്നു. ചക്ക മോഷ്ടിച്ച കള്ളന്റെ മേല്‍ പോലും ഈ കോടതികള്‍ നിഷ്‌കരുണം വാള്‍ ഉയര്‍ത്തിയപ്പോള്‍ അപ്പുറത്ത് ബ്രിട്ടിഷുകാര്‍ നിര്‍ബാധം ചാക്കുകള്‍ നിറച്ച് പവന്‍ കടത്തിക്കൊണ്ടുപോയി എന്ന് ആനന്ദ്, നീതിശാസ്ത്രവും രാഷ്ട്രതന്ത്രവും എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

നിയമം അക്രമത്തെ പിന്തുണയ്ക്കുമ്പോള്‍ നീതിബോധത്തിന് നിയമാധിപത്യത്തെ ഭേദിച്ച് മുന്നോട്ടുപോവേണ്ടിവരുന്നു. തന്നെ വിചാരണ ചെയ്ത ജഡ്ജിയോട് ഗാന്ധി പറഞ്ഞു: 'രാജ്യദ്രോഹം എന്റെ നിയമത്തില്‍ എന്റെ കര്‍ത്തവ്യമായിരിക്കുന്നു' ഗാന്ധിയുടെ ഈ പ്രസ്താവന സ്വതന്ത്ര ഇന്ത്യയില്‍ മറ്റൊരു ഭാഷയില്‍ വ്യവഹരിക്കപ്പെട്ടു, രണ്ടാം സ്വാതന്ത്ര്യ സമരം എന്ന്. 2015ന്റെ മനുഷ്യാവകാശ ദിനത്തിലും നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് സ്വാതന്ത്ര്യം എന്നത്് അപകടകരമായ വാക്കാണെന്നാണ്. സ്വാതന്ത്ര്യ സമരനായകരെ കുറിച്ച് പാനായിക്കുളത്ത് സെമിനാര്‍ നടത്തിയവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച നിയമം മറ്റെന്താണ് നമ്മെ ഓര്‍മിപ്പിക്കുന്നത്? സച്ചിദാനന്തന്റെ വാക്കുകള്‍ ഇങ്ങനെ: 'അപ്പോള്‍ രാഷ്ട്രം വാല്‍സല്യത്തോടെ എന്നെ എടുത്തുയര്‍ത്തി-തൂക്കുമരത്തിലേക്ക്.എന്നിട്ട് ചോദിച്ചു: ഇപ്പോള്‍ മനസ്സിലായൊ രാഷ്ട്രമുണ്ടെന്ന്?എന്റെ പിടലിയില്‍നിന്ന് ഇറ്റുവീണ ചോരത്തുള്ളികള്‍ നിലത്തെഴുതി-രാഷ്ട്രം ഉണ്ട്.' ി

RELATED STORIES

Share it
Top