നീതി പുലരുന്ന ലോകത്തേക്കു ജനമിത്രം ഇബ്റാഹീം മാസ്റ്റര്‍ യാത്രയായി

പി പി മൊയ്തീന്‍കോയ

കുറ്റിക്കാട്ടൂര്‍: “തീരുമാനങ്ങളെടുക്കുക, ആ തീരുമാനങ്ങ ള്‍ നിറവേറ്റാന്‍ പ്രയത്്‌നിക്കുക. ഇതു രണ്ടും വ്യത്യസ്തമായ കഴിവുകളാവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഈ രണ്ട് കഴിവുമുള്ളവര്‍ അപൂര്‍വമാണ്.അ വരാണ് മഹത്വമുള്ളവര്‍. റോബര്‍ട്ട് ലിന്‍ഡ്-ലെ പരാമര്‍ശത്തെ അന്വര്‍ഥമാക്കിയ ജീവിതത്തിന്റെ ഉടമയായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട കിഴിശ്ശേരി പുളിയക്കോട് ഇബ്്‌റാഹീം റാവുത്തര്‍ എന്ന ജനമിത്ര ഇബ്്‌റാഹീം മാസ്റ്റര്‍.
കാസര്‍കോട്ട്കാരനായ ബാലകൃഷ്ണന്റെ ഭാര്യ മറ്റൊരാളുടെ കൂടെ പോയി. ബാലകൃഷ്ണന്‍ ഒറ്റപ്പെട്ടു. തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തു. നിരപരാധിയായ ബാലകൃഷ്ണന്‍ കോടതികള്‍ കയറിയിറങ്ങി. സാമ്പത്തിക പരാധീനതയും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലും അപമാനഭാരവും കാരണം ഇദ്ദേഹം 2008 സപ്തംബര്‍ 7ന് ആത്്മഹത്യ ചെയ്തു. ബാലകൃഷ്ണന്റെ മരണകാരണം കണ്ണൂര്‍ ജയിലിലായിരുന്ന ഇബ്്‌റാഹീം മാസ്റ്ററുടേയും സഹതടവുകാരുടേയും ചര്‍ച്ചയ്ക്ക് വിഷയീഭവിച്ചു. ആയിരക്കണക്കിന് നിരപരാധികളായ പ്രതികള്‍ കണ്ണൂര്‍ ഉള്‍പ്പടെയുള്ള ജയിലുകളില്‍ ദിവസങ്ങള്‍ എണ്ണി കഴിയുന്നുണ്ടെന്ന യാഥാര്‍ഥ്യം മാസ്റ്റര്‍ക്ക് മനസ്സിലായി. ജുഡീഷ്യറിയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് ഈ അനീതിക്കെതിരേ പ്രയത്്‌നിക്കാനുള്ള പ്രചോദനം. ജനമിത്രം ജനകീയ നീതിവേദിക്ക് മാസ്റ്റര്‍ രൂപം നല്‍കി. പിന്നീട് മാസ്റ്റര്‍ വിശ്രമിച്ചിട്ടില്ല.
നിയമ സാക്ഷരതയോ, പ്രസംഗ വൈഭവമോ, എഴുത്തോ വശമില്ലാതിരുന്നിട്ടും മാസ്റ്റര്‍ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ഇരകളെ സംഘടിപ്പിച്ചു. സ്ത്രീ സംരക്ഷണ നിയമങ്ങളുടെ വ്യാപകമായ ദുരുപയോഗം തടയണം. ആണിനും പെണ്ണിനും തുല്യനീതി വേണം. വൈകി കിട്ടുന്ന നീതി അനീതിയാണ്-എന്ന ആവശ്യവുമായി ജുഡീഷ്യറിയുടെ ഉത്തരവാദപ്പെട്ടവരിലും മന്ത്രിമാര്‍ ഉള്‍പ്പെട്ടുള്ളവര്‍ക്കും നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ഈ കൂട്ടായ്മയുടെ പരിശ്രമത്തിന്റെഫലമായി അധികൃതര്‍ക്ക് കണ്ണ് തുറക്കേണ്ടി വന്നു.
പല നിയമങ്ങളിലും ഭേദഗതി വരുത്തി. നിരവധി രോഗങ്ങള്‍ക്കടിമപ്പെട്ട് വിശ്രമമാവശ്യമാണെന്ന ഡോക്ടറുടെ നിര്‍ദേശം പോലും ചെവികൊള്ളാതെ നീതിക്ക് വേണ്ടിയുള്ള പ്രയത്്‌നത്തിലായിരുന്നു 68ാം വയസ്സിലും ആ കര്‍മ്മയോഗി. അങ്ങിനെ നീതി മാത്രം പുലരുന്ന ആ ലോകത്തേക്ക് അദ്ദേഹം യാത്രയായി. നാലായിരത്തോളം വരുന്ന നിരപരാധികളുടെ പ്രാര്‍ഥനകള്‍ മാത്രം സമ്പാദിച്ചുകൊണ്ട്.

RELATED STORIES

Share it
Top