നീതി നിഷേധിക്കലെന്നു പരാതിക്കാരിയുടെ ബന്ധുക്കള്‍; പോലിസിനെ സമീപിക്കാന്‍ നീക്കം

മണ്ണാര്‍ക്കാട്: ലൈംഗിക പീഡന ആരോപണ വിധേയനായ പി കെ ശശി എംഎല്‍എയ്‌ക്കെതിരേ പാര്‍ട്ടി നടപടി ബോധപൂര്‍വം വൈകിപ്പിക്കുന്നതിനെതിരേ പരാതിക്കാരിക്കും കുടുംബത്തിനും അമര്‍ഷം. പാര്‍ട്ടിയില്‍ നിന്നു നീതി പ്രതീക്ഷിച്ചാണു ഇതുവരെ പോലിസില്‍ പരാതി നല്‍കാതിരുന്നത്. നീതി വൈകുന്നതു നീതി നിഷേധത്തിനു തുല്യമാണെന്ന് പാര്‍ട്ടി നേതൃത്വം മനസ്സിലാക്കുമെന്നു തന്നെയാണു പരാതിക്കാരിയും ബന്ധുക്കളും വിശ്വസിക്കുന്നത്. പാര്‍ട്ടിയുടെ ഇതുവരെയുള്ള സമീപനത്തില്‍ ഇവര്‍ക്ക് അതൃപ്തിയുണ്ട്.
പി കെ ശശിക്കെതിരേ ലളിതമായ ശിക്ഷാ നടപടിയും പരാതിക്കാരിക്കൊപ്പം നിന്നവര്‍ക്കെതിരേ നടപടി വരികയും ചെയ്യാനുള്ള സാധ്യതയും മുന്നി ല്‍ ക്കാണുന്നുണ്ട്. ഇത്തരത്തില്‍ തൃപ്തികരമല്ലാത്ത തീരുമാനമാണു പാര്‍ട്ടിയില്‍ നിന്നുണ്ടാവുന്നതെങ്കില്‍ പോലിസിനെ സമീപിക്കാന്‍ തന്നെയാണു ഡിവൈഎഫ്‌ഐ ഭാരവാഹി കൂടിയായ പരാതിക്കാരിയുടെ നീക്കം. ആരോപണ വിധേയന്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമാവുന്നതിനെതിരേ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകയുന്നുണ്ട്. ശശിക്കെതിരേ നടപടി വൈകുന്നതിനെതിരേ കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനമാണു ഉയര്‍ന്നത്. ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടിയെ വിശ്വസിച്ച് പോലിസില്‍ പോലും പരാതി നല്‍കാതെ പാര്‍ട്ടിക്ക# നല്‍കിയ പരാതിയില്‍ അയഞ്ഞ സമീപം സ്വീകരിക്കുന്നത് പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കെതിരേ തെറ്റായ സന്ദേശം നല്‍കുമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഷൊര്‍ണൂരില്‍ നടക്കുന്ന സിപിഎം നിയോജക മണ്ഡലം ജാഥയില്‍ പി കെ ശശിയെ നിശ്ചയിച്ചതിനെതിരേയും പാര്‍ട്ടിയില്‍ വിമര്‍ശനം ഉണ്ടായി.
ലൈംഗിക പീഡനാരോപണം നേരിടുന്ന നേതാവ് ജാഥാ ക്യാപ്റ്റനായാല്‍ എന്താവുമെന്ന ആശങ്ക നേതാക്കള്‍ പങ്കുവച്ചു. പാര്‍ട്ടി പരിപാടികളില്‍ ശശിയെ സജീവമാക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നാണു വിലയിരുത്ത ല്‍. എംഎല്‍എമാരുള്ള മണ്ഡലത്തില്‍ ജാഥാ ക്യാപ്റ്റന്‍ എംഎല്‍എമാര്‍ ആവണമെന്ന തീരുമാനത്തിന്റെ ഭാഗമാണു ശശിയെ ഷൊര്‍ണൂരിലെ ജാഥ ക്യാപ്റ്റനാക്കുന്നതെന്നാണു നേതൃത്വത്തിന്റെ വിശശദീകരണം. ശശിയുടെ കാര്യത്തില്‍ ഈ തീരുമാനം നടപ്പാക്കുന്നത് പാര്‍ട്ടിയുടെ സല്‍പ്പേരിനെ ബാധിക്കുമെന്നാണു ശശി വിരുദ്ധരുടെ നിലപാട്. ഇതിനിടെ ആരോപണ വിധേയനും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗവും തച്ചമ്പാറയില്‍ വേദി പങ്കിടുന്നതിനെതിരേയും പ്രവര്‍ത്തകര്‍ രംഗത്തെത്തി.
സിപിഐയില്‍ നിന്നു രാജിവച്ചു സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് 26നു തച്ചമ്പാറയില്‍ നടക്കുന്ന സ്വീകരണ ചടങ്ങിലാണു പി കെ ശശിയും അന്വേഷണ കമ്മീഷന്‍ അംഗം പി ബാലനും പങ്കെടുക്കുന്നത്. ശശി പങ്കെടുക്കുകയാണെങ്കില്‍ നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്.RELATED STORIES

Share it
Top