നീതി ആയോഗ്; വയനാട് പുറത്തായെന്ന വാദം തെറ്റ്

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ പിന്നാക്ക ജില്ലകള്‍ക്കായി പ്രഖ്യാപിച്ച ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ നിന്ന് വയനാട് പുറത്തായതായുള്ള എന്‍ഡിഎ ദേശീയസമിതി അംഗവും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ പി സി തോമസിന്റെ വാദം തള്ളി പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസറും കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുമായ വി പി ജോയി. വയനാടിന് പദ്ധതി നഷ്ടമായിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
പിന്നീട് അവ പരിഹരിക്കുകയും കേരളം നോഡല്‍ ഓഫിസറെ നിയോഗിക്കുകയും ചെയ്തു. വയനാടിന് പദ്ധതി നഷ്ടമായാല്‍ ആ വിവരം ആദ്യം അറിയേണ്ടതു നോഡല്‍ ഓഫിസറായ താനാണ്. പക്ഷേ, അങ്ങനെയൊരു വിവരം ലഭിച്ചിട്ടില്ല. പദ്ധതിയുടെ ഒരുക്ക നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ നാളെ താന്‍ വയനാട്ടിലെത്തി ജില്ലാ കലക്ടര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും വി പി ജോയി പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ വയനാടിനു പകരം ജാര്‍ഖണ്ഡിലെ ഒരു ജില്ലയ്ക്ക് പദ്ധതി അനുവദിച്ചുവെന്നാണ് പി സി തോമസ് പറയുന്നത്. പിന്നാക്ക ജില്ലകളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചും കേരളവുമായി ഈ വിഷയം ആലോചിക്കാത്തത് ഫെഡറല്‍ സ്വഭാവത്തിനു വിരുദ്ധമാണെന്നും ആരോപിച്ച് ആദ്യം പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാണിച്ചിരുന്നില്ല. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളം ജില്ലാ കലക്ടറെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നില്ല.
ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത് പി സി തോമസായിരുന്നു. അദ്ദേഹം കല്‍പ്പറ്റയില്‍ ഉപവാസ സമരം നടത്തുകയും സുരേഷ് ഗോപി എംപിയെ പങ്കെടുപ്പിച്ച് ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഈ വിഷയത്തില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ പ്രതികരണമുണ്ടായി. കേരളം നോഡല്‍ ഓഫിസറെ നിയമിച്ചുവെന്നും കേന്ദ്രത്തെ താല്‍പര്യം അറിയിച്ചുവെന്നും പി സി തോമസ് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി കള്ളം പ്രചരിപ്പിക്കുകയാണെന്നും സി കെ ശശീന്ദ്രന്‍ എംഎല്‍എ ആരോപിച്ചിരുന്നു. എന്നാല്‍, താല്‍പര്യം മാത്രം പ്രകടിപ്പിച്ചാല്‍ പോര, കേരളം കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടണമെന്നും അല്ലെങ്കില്‍ വയനാടിന് പദ്ധതി നഷ്ടമാവുമെന്നുമായിരുന്നു പി സി തോമസിന്റെ അഭിപ്രായം. എന്നാല്‍, ചീഫ് സെക്രട്ടറി കത്തയച്ചാല്‍ ധാരണാപത്രത്തിന്റെ ആവശ്യമില്ലെന്നാണ് വി പി ജോയിയുടെ നിലപാട്.
വിവാദം മുറുകിനില്‍ക്കെ കഴിഞ്ഞ ദിവസം പി സി തോമസ് നീതി ആയോഗ് സിഇഒ അമിതാബ് കാന്തിനെ സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ അമിതാബ് കാന്താണ് വയനാടിനെ ഒഴിവാക്കിയ കാര്യം തന്നെ അറിയിച്ചതെന്നും പി സി തോമസ് പറയുന്നു. അതിനിടെ, പദ്ധതിയുമായി ബന്ധപ്പെട്ട് വയനാട് കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പദ്ധതി വയനാടിന് നഷ്ടമായിട്ടില്ലെന്നും കലക്ടര്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top