നീതിവ്യവസ്ഥയുടെ വിജയം

പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദിച്ചു കൊന്ന കേസില്‍ ഉള്‍പ്പെട്ട 11 ഹിന്ദുത്വരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി നീതിബോധമുള്ള എല്ലാവര്‍ക്കും ആശ്വാസം പകരുന്നതാണ്. വര്‍ഗീയ ഭ്രാന്തെടുത്ത ആള്‍ക്കൂട്ടങ്ങളെ തളയ്ക്കാന്‍ നിയമവ്യവസ്ഥ അശക്തമാണെന്ന ധാരണ തിരുത്തിക്കുറിക്കുന്നതാണ് ഈ കോടതിവിധി എന്ന കാര്യത്തില്‍ സംശയമില്ല. ഗോരക്ഷയുടെ പേരില്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവമെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
ജൂണ്‍ 29നാണ് അലീമുദ്ദീന്‍ അന്‍സാരിയെ തടഞ്ഞുനിര്‍ത്തി ഹിന്ദുത്വ അക്രമിസംഘം അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കാറില്‍ ബീഫ് കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഒരു മനുഷ്യനെ പച്ചയ്ക്ക് അടിച്ചുകൊല്ലുന്ന ഭീകരദൃശ്യങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആഘോഷിക്കാനും ഹിന്ദുത്വര്‍ മറന്നില്ല.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം കൈയേറ്റതിനു ശേഷം പശുവിന്റെ പേരില്‍ അരങ്ങേറിയ കൊലപാതകങ്ങളില്‍ ആദ്യത്തേതോ അവസാനത്തേതോ ആയിരുന്നില്ല അലീമുദ്ദീന്‍ അന്‍സാരിയുടേത്. അതിനു മുമ്പും ശേഷവുമായി മുപ്പതിലേറെ പേര്‍ പശുവിന്റെ പേരില്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമികള്‍ക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുന്ന നിലപാടാണ് പോലിസും ഭരണകൂടവും സ്വീകരിച്ചത്. മുസ്‌ലിംകള്‍ അടക്കമുള്ള രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതി വിതയ്ക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമായിരുന്നു ഈ അക്രമങ്ങള്‍ എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ഹിംസയുടെ പ്രാകൃതമായ പ്രകടനവേദിയായി രാജ്യം മാറുന്നതിനെതിരേ മാനവിക ബോധമുള്ള പൗരന്മാര്‍ പ്രതികരിച്ചിട്ടുണ്ടെന്നത് ആശാവഹമാണ്. അനീതികളുടെ ഈ നഗ്നതാണ്ഡവങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചു നിയമപോരാട്ടത്തിനു മുന്നോട്ടുവന്ന മുസ്‌ലിം സമൂഹം ഫാഷിസത്തിനെതിരായ പോരാട്ടത്തിലെ മറ്റൊരു പ്രതീക്ഷയായി സ്വയം അടയാളപ്പെടുകയാണ് അലീമുദ്ദീന്‍ കേസിലൂടെ.
മുസ്‌ലിം സമൂഹത്തിലെ വ്യത്യസ്ത സംഘടനകളും കൂട്ടായ്മകളും കൃത്യമായ ഏകീഭാവത്തോടെ പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ് ഈ കേസിലെ വിജയം. പഴുതടച്ച നിയമപോരാട്ടത്തിന് അവര്‍ക്ക് വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ട്. സാക്ഷികളില്‍ ഒരാളുടെ ഭാര്യക്ക് ജീവഹാനി വരെ സംഭവിച്ചു. എന്നിട്ടും ഭയാശങ്കകള്‍ മാറ്റിവച്ച് നീതിക്കായി പോരാടിയ ജാര്‍ഖണ്ഡിലെ ജനത മര്‍ദിത വിഭാഗങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കുന്നത്. അക്രമികള്‍ക്ക് പാഠമാകും വിധം കടുത്ത ശിക്ഷ വിധിച്ചതിലൂടെ കോടതി രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.

RELATED STORIES

Share it
Top