നീതിയുടെ പേരില്‍ നടക്കുന്ന ക്രൂരമായ കൊലപാതകമാണ് വധശിക്ഷ: നിര്‍ഭയ കേസിലെ പ്രതികള്‍

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഓടുന്ന ബസ്സില്‍ കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷയ്‌ക്കെതിരേ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഇന്നലെ വാദം കേട്ടു. കേസിലെ നാലു പ്രതികളില്‍ വിനയ് കുമാര്‍, പവന്‍കുമാര്‍ എന്നിവരുടെ വാദങ്ങളാണ് കോടതിയില്‍ ആരംഭിച്ചത്. പ്രതികള്‍ പാവപ്പെട്ട കുടുംബങ്ങളിലെ യുവാക്കളാണെന്നും കുറ്റകൃത്യം ശീലമാക്കിയവരല്ലെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അതിനാല്‍, കോടതി അവരെ മാറാന്‍ അനുവദിക്കണമെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എ പി സിങ്  ആവശ്യപ്പെട്ടു.
എന്നാല്‍, പ്രതികളുടെ ഈ വാദത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ വധശിക്ഷ നിര്‍ത്തലാക്കിയിട്ടുണ്ടെ ന്നും നീതിയുടെ പേരില്‍ നടക്കുന്ന അതിക്രൂരമായ കൊലപാതകമാണ് വധ ശിക്ഷയെന്നും എ പി സിങ് വാദിച്ചു. വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ക്രിമിനലുകളെയാണ് കൊല്ലുന്നത്, കുറ്റകൃത്യങ്ങളെയല്ല. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ തന്റെ കക്ഷികള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, നിയമപരമായി വധശിക്ഷ നിലവിലുണ്ടെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നിര്‍ഭയയുടെ മരണ മൊഴിയില്‍ തെറ്റുകളുണ്ടായിരുന്നുവെന്നും കുറ്റാരോപിതരുടെ പേരുകള്‍ അവര്‍ വ്യക്തമാക്കിയിട്ടില്ലെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
2012 ഡിസംബര്‍ 16നാണ് 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി 16 ദിവസം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞശേഷം മരിച്ചത്. ഒരു കുട്ടിക്കുറ്റവാളിയടക്കം ആറു പേരാണ് പ്രതികളായിരുന്നത്. ബസ് ഡ്രൈവറായിരുന്ന രാം സിങ് ജയിലില്‍വച്ച് ആത്മഹത്യ ചെയ്തു. കുട്ടിക്കുറ്റവാളിയെ ജുവനൈല്‍ ഹോമിലടച്ചു. പിന്നീട് വിട്ടയച്ചിരുന്നു. എല്ലാവരെയും തൂക്കിക്കൊല്ലണമെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം.

RELATED STORIES

Share it
Top