നീതിന്യായ സംവിധാനത്തെ അപചയങ്ങളില്‍ നിന്ന് രക്ഷിക്കണം: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: ഉന്നത നീതിന്യായ സംവിധാനത്തിലെ അപചയങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് സമിതി യോഗം. ഉന്നത നീതിപീഠത്തിന്റെ അന്തസ്സും വിശ്വാസ്യതയും തകര്‍ക്കുന്ന നീക്കങ്ങള്‍ക്കെതിരേ പൗരന്‍മാര്‍ മുന്നോട്ടു വരണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
മുതിര്‍ന്ന അഭിഭാഷകര്‍ക്കിടയിലെ തര്‍ക്കവും ഉന്നത നീതിപീഠത്തിലെ രാഷ്ട്രീയ ഇടപെടലുകളും മറനീക്കി പുറത്തുവന്ന നിരവധി സംഭവങ്ങള്‍ക്കാണു രാജ്യം അടുത്തിടെ സാക്ഷ്യംവഹിച്ചത്. മറ്റു വഴികളില്ലാതായതോടെ ഒരു സംഘം ജഡ്ജിമാര്‍ക്ക് തങ്ങളുടെ ആശങ്കകള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കു മുമ്പില്‍ വരേണ്ട അവസ്ഥയും രാജ്യത്തുണ്ടായി. അവരുയര്‍ത്തിയ പ്രശ്‌നങ്ങള്‍ ശരിയാംവിധം അഭിസംബോധന ചെയ്യാന്‍ ഇതുവരെ ശ്രമങ്ങളുണ്ടായില്ല.
ബിജെപി സര്‍ക്കാര്‍ ജഡ്ജിമാരെ വര്‍ഗീയമായും രാഷ്ട്രീയമായും വിഭജിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ക്കു തടയിടലാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെയും മറ്റു ജഡ്ജിമാരുടെയും മുഖ്യ കര്‍ത്തവ്യം. സംഘപരിവാരത്തിന്റെ ദുഷ്ടലാക്കിനെതിരേ ഒറ്റക്കെട്ടായി നിലയുറപ്പിച്ച് ജുഡീഷ്യറിയുടെ ആര്‍ജവം ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രമേയം സുപ്രിംകോടതി ജഡ്ജിമാരോട് ആവശ്യപ്പെട്ടു. ഏകാധിപത്യ ഭരണകൂടത്തിനു കീഴിലും തങ്ങളുടെ അവസാന പ്രതീക്ഷയായി അവശേഷിക്കുന്ന ജുഡീഷ്യറിയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കെതിരേ ഹിന്ദു യുവവാഹിനി ഗുണ്ടകളും യുപി പോലിസും നടത്തുന്ന ക്രൂരമായ അതിക്രമങ്ങളെയും പ്രമേയം അപലപിച്ചു. ആര്‍എസ്എസിന്റെ ദുഷ്ടതകളില്‍ നിന്നു സര്‍വകലാശാലയെ രക്ഷിക്കാനുള്ള വിദ്യാര്‍ഥികളുടെ പോരാട്ടത്തിനും പോപുലര്‍ ഫ്രണ്ട് പിന്തുണ പ്രഖ്യാപിച്ചു.

RELATED STORIES

Share it
Top