നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കാനുള്ള സംഘപരിവാര നീക്കത്തെ ചെറുത്തു തോല്‍പിക്കണമെന്ന്

കായംകുളം: ജുഡീഷ്യറിയെ വരുതിയിലാക്കി നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കാനുള്ള സംഘപരിവാര നീക്കത്തെ ചെറുത്തു തോല്‍പിക്കണമെന്ന്് കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കായംകുളത്ത് നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഷ്പക്ഷമായി നിലകൊള്ളുന്ന ജഡ്ജിമാരുടെ ജീവന്‍ പോലും ഭീഷണിയിലാണ്.
സുപ്രിം കോടതിയിലെ  മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളിലൂടെ രാജ്യത്തോട് പറഞ്ഞത് ഗൗരവത്തോടെ കാണേണ്ടതാണ്.അസാധാരണ സ്ഥിതി വിശേഷമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ജസ്റ്റിസ് ലോയുടെ മരണത്തില്‍ സമഗ്രമായ അനേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. ബീഫിന്റെ പേരില്‍ മുസ്‌ലിംകളെയും ദലിതുകളേയും ആക്രമിച്ചു കൊലപ്പെടുത്തിയ സംഘപരിവാര്‍ ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കുമേലും അക്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎം വിരുദ്ധ മുന്നണികള്‍ക്ക് കേരളത്തില്‍ നിലനില്‍പ്പില്ലെന്നും ഇതിന്റെ ഭാഗമാണ് യൂഡിഎഫില്‍ നിന്നും ഓരോ പാര്‍ട്ടികളും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം വിരുദ്ധ പ്രസ്ഥാനമായാണ്  കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയെക്കാള്‍ ഉപരി സിപിഎമ്മിനെ മുഖ്യ ശത്രുവായാണ് കോണ്‍ഗ്രസ് കാണുന്നത്. മോദിയെ വിമര്‍ശിച്ച മണിശങ്കര്‍ അയ്യരെ പുറത്താക്കിയ കോണ്‍ഗ്രസ്എകെജിക്കെതിരേ പറഞ്ഞവരെ പട്ടും പുടവയും നല്‍കി ആദരിക്കുകയാണെന്നും  കോടിയേരി കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top