നീതിക്കു വേണ്ടി പോരാട്ടം തുടരും: കെ എം മാണി

കോട്ടയം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് റിപോര്‍ട്ട് തള്ളിയ കോടതിയുടെ പുതിയ വിധിയില്‍ തനിക്ക് ഒരുതരത്തിലുള്ള ആശങ്കയും വൈഷമ്യവുമില്ലെന്നു മുന്‍ ധനമന്ത്രി കെ എം മാണി. നീതിക്കുവേണ്ടിയുള്ള പോരാട്ടം താന്‍ തുടരും. കേസ് എത്രതവണ വേണമെങ്കിലും അന്വേഷിക്കട്ടെ. യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് മൂന്നുതവണ അന്വേഷിച്ച കേസാണിത്. താന്‍ തെറ്റു ചെയ്തതായി ഒരു തെളിവും കണ്ടെത്താനായില്ല. വീണ്ടും അന്വേഷിക്കണമെങ്കില്‍ അന്വേഷിച്ചോട്ടെ. സത്യം ആത്യന്തികമായി ജയിക്കും. 400ഓളം സാക്ഷികളെ നേരില്‍ക്കണ്ട് ചോദിച്ചാണ് വിജിലന്‍സ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നു മനസ്സിലാക്കുന്നു. ബാറുകള്‍ തുറക്കാനോ, പൂട്ടാനോ താനിടപെട്ടില്ല. ധനമന്ത്രിക്ക് അതിലൊരു കാര്യവുമില്ല. സര്‍ക്കാരിന്റെ മദ്യനയം തീരുമാനിക്കുന്നതു മന്ത്രിസഭയാണ്. ഇക്കാര്യത്തില്‍ മനസ്സാക്ഷിയെ മുന്‍നിര്‍ത്തി ഒരു തെറ്റും ചെയ്തിട്ടില്ല. മുമ്പു നടന്ന എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്തിട്ടുണ്ട്. അതുപോലെ ഇപ്പോഴത്തെ ഉത്തരവിനെയും സ്വാഗതം ചെയ്യുന്നു. മറ്റുകാര്യങ്ങളില്‍ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കേസിലെ കോടതി വിധിയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ജോസ് കെ മാണി എംപിയും കോട്ടയത്ത് പ്രതികരിച്ചു.

RELATED STORIES

Share it
Top