നീതിക്കു വേണ്ടി പോരാടുമെന്ന് കുടുംബം; റക്ബര്‍ ഖാന്റെ കുടുംബാംഗങ്ങളെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: പശുഭീകരര്‍ മര്‍ദിച്ചു കൊന്ന റക്ബര്‍ ഖാന്റെ കുടുംബാംഗങ്ങളെ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ നേതൃത്വത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ സംഘം സന്ദര്‍ശിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നു 150 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ കോല്‍ഗാവിലെ വസതിയിലെത്തിയ സംഘത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ട്, നോര്‍ത്ത് സോണ്‍ പ്രസിഡന്റ് എ എസ് ഇസ്മായീല്‍, പ്രാദേശിക നേതാക്കള്‍ എന്നിവരുമുണ്ടായിരുന്നു.
ജൂലൈ 21ന് ശനിയാഴ്ചയാണ് റക്ബറിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ 11 മാസത്തിനകം നാലു പേരെ തല്ലിക്കൊന്ന സംഭവങ്ങളിലൂടെ കുപ്രസിദ്ധമാണ് ഈ ഗ്രാമം. റക്ബറിന്റെ വൃദ്ധപിതാവ് ഇപ്പോഴും മകന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നു മോചിതനായിട്ടില്ല. 22കാരിയായ ഭാര്യക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞാകട്ടെ, പെട്ടെന്ന് വീട്ടില്‍ നിരവധി പേര്‍ സന്ദര്‍ശകരായി എത്തിയതിന്റെ അന്ധാളിപ്പിലാണ്. റക്ബര്‍ ഖാന്റെ മര്‍ദനമേറ്റ് വികൃതമായ മൃതദേഹത്തെക്കുറിച്ച് പറഞ്ഞ ഉമ്മയും സഹോദരിയും നിയന്ത്രണം വിട്ടു കരഞ്ഞു.
ദുരന്തവിവരമറിഞ്ഞ് നാട്ടിലെത്തിയ, കേരളത്തില്‍ ജോലി ചെയ്തിരുന്ന സഹോദരന്‍ ഹാറൂന്‍ കുടുംബത്തിന്റെ വികാരം ചെയര്‍മാനുമായി പങ്കുവച്ചു. നീതിക്കു വേണ്ടി പോരാടാനുള്ള ഉറച്ച തീരുമാനം വ്യക്തമാക്കിയ ഹാറൂന്‍ സംഘടനയുടെ പിന്തുണ തേടി. മൂന്നു പോലിസുകാരെ മാത്രം സസ്‌പെന്റ് ചെയ്ത് തല്ലിക്കൊല്ലലല്ലെന്നു വരുത്തിത്തീര്‍ത്ത് കൊലയാളികളെ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമത്തെക്കുറിച്ച് ഗ്രാമവാസികള്‍ ജാഗരൂകരാണ്. മേഖലയില്‍ മുസ്‌ലിംകള്‍ തല്ലിക്കൊലകള്‍ക്ക് വിധേയരാവുന്നത് പശുഭീകരര്‍ക്കുള്ള ഭരണകൂടത്തിന്റെ പിന്തുണ കാരണമാണെന്ന് ഇ അബൂബക്കര്‍ ചൂണ്ടിക്കാട്ടി. പശുവിന്റെ സുരക്ഷ ഉറപ്പുവരുത്തിയ പോലിസ്, നിഷ്ഠുരമായ ആള്‍ക്കൂട്ട ആക്രമണത്തിനു ശേഷവും ഇരയ്ക്ക് ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നതും, മണിക്കൂറുകളോളം അദ്ദേഹത്തെ കസ്റ്റഡിയില്‍ നിര്‍ത്തിയെന്നതും ഞെട്ടിക്കുന്നതാണ്്.
ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ തല്ലിക്കൊല്ലലും അവസാനിക്കുമെന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയെ ചെയര്‍മാന്‍ അപലപിച്ചു. ബീഫിന്റെ പേരില്‍ തല്ലിക്കൊല്ലുന്നതിനു നിയമം കൈയിലെടുക്കാന്‍ ആള്‍ക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയോ അത്തരം കൊലകളെ നീതീകരിക്കുകയോ ആണ് അദ്ദേഹം. നിരപരാധികള്‍ക്കെതിരേയുള്ള ആക്രമണം പ്രോത്സാഹിപ്പിക്കുന്ന അത്തരക്കാരെ തുറുങ്കിലടക്കണമെന്ന് ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top