നിഷാമിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലിസുകാര്‍ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടു: ജേക്കബ് ജോബ്

പത്തനംതിട്ട: തൃശൂരിലെ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ വകുപ്പുതല നടപടികളില്‍ നിന്ന് രക്ഷപ്പെട്ടതായി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ജേക്കബ് ജോബ്.
എന്നാല്‍ ചന്ദ്രബോസ് വധക്കേസില്‍ നിഷാമിനെ തനിച്ച് ചോദ്യംചെയ്‌തെന്ന ആരോപണത്തെത്തുടര്‍ന്ന് തനിക്ക് നടപടി നേരിടേണ്ടിവന്നു. കേസില്‍ സസ്‌പെന്‍ഷനിലായ ശേഷം കോടതി ഉത്തരവിലൂടെ സര്‍വീസില്‍ തിരിച്ചെത്തിയ ജേക്കബ് ജോബ് പത്തനംതിട്ട പോലിസ് മേധാവി സ്ഥാനത്തു നിന്ന് ഈ മാസം വിരമിക്കാനിരിക്കെയാണ് തന്റെ സര്‍വീസ് ജീവിതത്തിലെ പ്രമാദമായ ചന്ദ്രബോസ് വധക്കേസിനെപ്പറ്റി മാധ്യമപ്രവര്‍ത്തകരോടു മനസ്സു തുറന്നത്. നിഷാമിനെ അറസ്റ്റ് ചെയ്ത ഏക പോലിസ് ഉദ്യോഗസ്ഥനാണ് താന്‍. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് കാപ്പാ ചുമത്താന്‍ വേണ്ട നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതും താനാണ്. തനിക്ക് എതിരേ നീങ്ങിയ പോലിസ് ഉന്നതന്‍ പിന്നീട് പരീക്ഷാ ക്രമക്കേടില്‍ ഡീബാര്‍ നേരിട്ടുവെന്നും ജേക്കബ് ജോബ് പറഞ്ഞു.പ്രതിയുമായി ബംഗളൂരുവില്‍ പോയ പോലിസ് ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്ര നടത്തിയെന്നും പ്രതിയെ വിലങ്ങില്ലാതെ നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതൊക്കെ അന്വേഷിച്ചിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടി എടുത്തിെല്ലന്ന് വരുത്താന്‍ ചില പോലിസ് ഉന്നതര്‍ ശ്രമിച്ചു. എന്നാല്‍ ഇ-മെയിലില്‍ വിശദീകരണ നോട്ടീസ് നല്‍കിയത് തെളിവായി മാറി.
തന്റെ നിരപരാധിത്വം തെളിയിക്കാനും ഇത് സഹായിച്ചു. നിഷാമില്‍ നിന്ന് വിഹിതം പറ്റാത്തവര്‍ തൃശൂരില്‍ കുറവായിരുന്നുവെന്നും ജേക്കബ് ജോബ് പറഞ്ഞു. താന്‍ സ്വീകരിച്ച നടപടികള്‍ കൃത്യമായതുകൊണ്ടാണ് കോടതി തന്നെ കുറ്റവിമുക്തനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജീവനു ഭീഷണിയുണ്ട്. വിരമിച്ച ശേഷം സര്‍വീസ് ജീവിതത്തെക്കുറിച്ച് പുസ്തകമെഴുതും. ചന്ദ്രബോസ് വധക്കേസല്‍ വെളിപ്പെടുത്താന്‍ പറ്റുന്ന കാര്യങ്ങളെല്ലാം അതിലുണ്ടാവുമെന്നും ജോബ് പറഞ്ഞു.

RELATED STORIES

Share it
Top