നില്‍പ്പുയാത്രാ വിലക്ക് മറികടക്കാന്‍ മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസ്സുകളില്‍ നിന്നു യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തും. ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്നു യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാരിനു നിയമോപദേശം ലഭിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
അടുത്ത ആഴ്ച തന്നെ ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കും. ഇതു കോടതിവിധിയുടെ ലംഘനമല്ലെന്നും കെഎസ്ആര്‍ടിസിയുടെ അവസ്ഥ പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. കേരള മോട്ടോര്‍ വാഹന ചട്ടം 267(2) ആണ് സൂപ്പര്‍ക്ലാസ് ബസ്സുകളില്‍ അനുവദിച്ചിട്ടുള്ള സീറ്റുകളേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് വിലക്കുന്നത്. ഈ ചട്ടം ഭേദഗതി ചെയ്യാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഇതിന് കോടതിവിധി തടസ്സമാവില്ലെന്നാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ച നിയമോപദേശം.
നിലവില്‍ സൂപ്പര്‍ ഫാസ്റ്റിന് മുകളിലുള്ള സര്‍വീസുകളില്‍ നില്‍പ്പുയാത്ര കെഎസ്ആര്‍ടിസി അനുവദിക്കുന്നില്ല. എന്നാല്‍, സൂപ്പര്‍ ക്ലാസിലും നില്‍പ്പുയാത്ര പാടില്ലെന്നാണ് കോടതി ഉത്തരവ്. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോവരുതെന്ന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്.

RELATED STORIES

Share it
Top