നിലവിലെ ബോട്ട് സര്‍വീസ് അപകടസാധ്യത വര്‍ധിപ്പിക്കുന്നു

പൊന്നാനി: പൊന്നാനി അഴിമുഖത്ത് ജങ്കാറിനായുള്ള കാത്തിരിപ്പ് തുടരുന്നു. നഗരസഭയുടെ വാഗ്ദാനങ്ങള്‍ വാക്കില്‍ മാത്രമായി ഒതുങ്ങി.അഴിമുഖത്ത് സര്‍വ്വീസ് നടത്തുന്ന നിലവിലെ ബോട്ട് അപകടം മാടി വിളിക്കുന്ന സ്ഥിതിയിലാണ്. പൊന്നാനിയേയും, പടിഞ്ഞാറെക്കരയേയും എളുപ്പമാര്‍ഗ്ഗത്തില്‍ ഗതാഗതം സാധ്യമായിരുന്ന ജങ്കാര്‍ സര്‍വ്വീസ് നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, പുതിയ ജങ്കാറിന് നീറ്റിലിറങ്ങാന്‍ യോഗമില്ല.പുതിയ ജങ്കാര്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് നഗരസഭ പലവട്ടം പറഞ്ഞുവെങ്കിലും, വാഗ്ദാനങ്ങളെല്ലാം പാഴ് വാക്ക് മാത്രമായി മാറുകയാണ്. ഇതുമൂലം യാതൊരു സുരക്ഷയുമില്ലാത്ത ബോട്ടിലാണ് നാട്ടുകാര്‍ മറുകര കടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വ്വീസ് നടത്തിയിരുന്ന ജങ്കാര്‍ കടലിലേക്ക് ഒഴുകിപ്പോയതോടെയാണ് പൊന്നാനി അഴിമുഖത്ത് സര്‍വ്വീസ് നിലച്ചത്. വാഹനങ്ങളും, യാത്രക്കാരും ആശ്രയിച്ചിരുന്ന ജങ്കാര്‍ അപകടത്തിപ്പെട്ടതോടെ പകരം സര്‍വ്വീസ് നടത്തുന്നത് യാതൊരു സുരക്ഷയുമില്ലാത്ത ചെറിയ ബോട്ടാണ്. പുതിയ ജങ്കാര്‍ സര്‍വീസ് ആരംഭിക്കാനായി പൊന്നാനി നഗരസഭ കൊച്ചിന്‍ സര്‍വീസസുമായി ചര്‍ച്ചകള്‍ ഏറെ നടത്തിയെങ്കിലും ഗുണമുണ്ടായില്ല.നേരത്തെയുണ്ടായിരുന്ന പൊന്നാനി ഭാഗത്തെ ജങ്കാര്‍ജെട്ടി വാണിജ്യ തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനാല്‍ പുതിയ ജെട്ടി നിര്‍മിക്കുന്നതിന് തുറമുഖ വകുപ്പ് നഗരസഭക്ക് സ്ഥലം അനുവദിച്ച് നല്‍കിയിരുന്നു.
എന്നാല്‍ ഈ ഭാഗത്ത് ജെട്ടി നിര്‍മാണവും അനന്തമായി നീളുകയാണ്. സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് വരുന്നതോടെ ജങ്കാര്‍ ആവശ്യമില്ലെന്ന കാരണം മൂലമാണ് ജങ്കാര്‍ വരാന്‍ താമസമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED STORIES

Share it
Top