നിലമ്പൂര്‍ സിഐയുടെ പ്രതികരണത്തില്‍ ആദിവാസികള്‍ക്കു പ്രതിഷേധം

പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് കോളനിയില്‍ മാവോവാദികള്‍ ക്ലാസെടുക്കുന്ന വിവരം ലഭിച്ചിട്ടും പോലിസ് - വനം വകുപ്പ് അധികൃതര്‍ എത്താന്‍ വൈകിയത് ആദിവാസികളുടെ ജീവന് അപകടമുണ്ടാകാതിരിക്കാനാണെന്ന പോലിസിന്റെ വിശദീകരണത്തിനെതിരെ ആദിവാസികള്‍ രംഗത്ത്. യോഗം നടക്കുന്ന സമയത്ത് പോലിസ് സ്റ്റേഷനില്‍ വിവരമറിയിച്ചപ്പോള്‍ സ്റ്റേഷനില്‍ ആളില്ല എന്ന വിവരമാണു ലഭിച്ചത് എന്നാണ് ആദിവാസികള്‍ പറയുന്നത്.
സ്റ്റേഷനില്‍ വാഹനവുമുണ്ടായിരുന്നില്ല. മുകളിലേക്ക് വിവരം കൊടുക്കാം എന്നാണു സ്റ്റേഷനില്‍ നിന്നും ലഭ്യമായ മറുപടി. അതീവ സുരക്ഷ ആവശ്യമുള്ള പോലിസ് സ്റ്റേഷനുകളില്‍ ഒന്നായ പൂക്കോട്ടുംപാടം സ്റ്റേഷനില്‍ മതിയായ ഉദ്യോഗസ്ഥരും വാഹനവും ഇല്ല എന്നുള്ളത് മറച്ചു വെക്കാനാണ് ഈ രീതിയില്‍ വിശദീകരണം നല്‍കുന്നത് എന്നാണ് അവരുടെ പക്ഷം.
സുരക്ഷ മാത്രമാണ് കാരണമെങ്കില്‍ മാവോവാദികള്‍ മടങ്ങി പോകുന്ന സമയത്ത് കാട്ടിനകത്ത് വച്ച അവരെ പിടിക്കാന്‍ ശ്രമിക്കുകയോ പരിശോധന നടത്തുകയോ ചെയ്യേണ്ടതല്ലെ എന്നാണ് അവരുടെ ചോദ്യം. അതിനു ശ്രമിക്കാതെ പിറ്റെ ദിവസം ഉല്‍സവമായി പരിശോധനക്ക് പോകുന്നതിനെയും അവര്‍ കുറ്റപ്പെടുത്തുന്നു.
മാവോവാദി വേട്ട തുടര്‍ന്നാല്‍ ലഭിക്കുന്ന അലവന്‍സുകളും വേട്ടക്ക് ലഭിക്കുന്ന ഫണ്ടുമാണ് ഉദ്യോഗസ്ഥരും അഭ്യന്തര വകുപ്പും ലക്ഷ്യമാക്കുന്നതെന്നാണ് നാട്ടുകാരുടെ പക്ഷം. മാവോവാദികള്‍ ഉള്‍പ്പടെയുള്ളവര്‍ കോളനികളില്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ആദിവാസികള്‍ നേരിടുന്ന മറ്റുപ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കുന്നതിന് ലോക്കല്‍ സ്റ്റേഷനുകളില്‍ നിന്നും പ്രത്യേക അലവന്‍സ് ലഭ്യമാക്കി നിരവധി പോലിസുകാരെനിയോഗിച്ചിട്ടുണ്ട്.
ഇവരില്‍ പലരും പല കോളനികളും കണ്ടിട്ട് പോലുമില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ പകര്‍ത്തിയാണ് ഇവര്‍ ഈ ജോലി നിലനിര്‍ത്തുന്നത് എന്നുള്ളതും പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരസ്യമാണ്. അല്ലെങ്കില്‍ പുറമെ നിന്നുള്ളവരുടെ കോളനികളിലേക്കുള്ള കടന്നു കയറ്റം ഈ പ്രത്യേക ഉദ്യോഗസ്ഥര്‍ അറിയേണ്ടതായിരുന്നു.

RELATED STORIES

Share it
Top