നിലമ്പൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ രാത്രികാല ട്രെയിന്‍ തുടങ്ങണം

മലപ്പുറം: നിലമ്പൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ രാത്രി കാല ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നും കൂടുതല്‍ ക്രോസിങ് സ്‌റ്റേഷനുകള്‍ അനുവദിക്കണമെന്നും ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ വൈകീട്ട് 7.30ന് ശേഷം ഷൊര്‍ണൂരില്‍ നിന്നു നിലമ്പൂരിലേക്കോ എട്ടിനു ശേഷം നിലമ്പൂരില്‍നിന്നു ഷോര്‍ണൂരിലേക്കോ ട്രെയിന്‍ സര്‍വീസില്ല. 66 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടില്‍ നിലവില്‍ രണ്ടു ക്രോസിങ് സ്‌റ്റേഷനുകള്‍ മാത്രമാണുള്ളത്.
ഇതു ട്രെയിനുകളുടെ വൈകിയോട്ടത്തിനും യാത്രക്കാര്‍ക്കു ദീര്‍ഘ ദൂര ട്രെയിനുകളിലേക്കുള്ള കണക്്ഷന്‍ നഷ്ടമാവുന്നതിനും കാരണമാവുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കാലവര്‍ഷക്കെടുതിയുടെ സമയത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു ദുരന്തത്തെ നേരിടുന്നതിനു സഹായിച്ച ഉദ്യോഗസ്ഥരെ യോഗം അഭിനന്ദിച്ചു. പ്രകൃതി ദുരന്തം മുഖേനെ വിളകള്‍ നഷ്ടമായ ഇന്‍ഷൂര്‍ ചെയ്യാത്ത കര്‍ഷകര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനു സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട് ബാങ്കുകളിലെത്തുന്ന കുട്ടികള്‍ക്കു സീറോ ബാലന്‍സില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള സൗകര്യം ഉറപ്പു വരുത്താന്‍ ലീഡ് ബാങ്ക്് മാനെജറെ ചുമതലപ്പെടുത്തി. കൊണ്ടോട്ടി മിനി സിവില്‍ സ്‌റ്റേഷനു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം നീക്കുന്നതിനായി സര്‍ക്കാറിനെ സമീപിച്ചു നടപടികള്‍ വേഗത്തിലാക്കും.
പാതയോരത്ത് ഭീഷണിയായി നില്‍ക്കുന്ന മരങ്ങല്‍ മുറിച്ചുമാറ്റുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. നാടുകാണി, പരപ്പനങ്ങാടി റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മലപ്പുറം സെക്്ഷന്‍ പരിധിയിലെ ഇലക്ട്രിക് പോസ്റ്റുകല്‍ മാറ്റുന്ന ജോലികള്‍ അവസാനഘട്ടത്തിലാണെന്നു പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകളില്‍ പുതുതായി 27 കൗണ്‍സിലര്‍മാരെ കൂടി നിയമിക്കുമെന്നും ഇതോടെ ആകെ 77 സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാവുമെന്നും ജില്ലാ സാമൂഹികനീതി ഓഫിസര്‍ അറിയിച്ചു. വട്ടപ്പാറയില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനു സ്ഥലം കണ്ടെത്തി നടപടികള്‍ തുടങ്ങിയതായി യോഗത്തെ അറിയിച്ചു. പ്രളയത്തെ തുടര്‍ന്നു സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകളില്‍ അപ്പീല്‍ നല്‍കാന്‍ രണ്ടു ദിവസം കൂടി നല്‍കണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top