നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റിനെതിരേ മുസ്് ലിംലീഗ്- കോണ്‍ഗ്രസ് അംഗങ്ങള്‍

നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെത്തിരേ മുസ്്‌ലിംലീഗ്-കോണ്‍ഗ്രസ് അംഗങ്ങള്‍. നിര്‍മാണം പൂര്‍ത്തീകരിച്ച റോഡിന് കരാറുക്കാരന് പണം കൈമാറിയതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് പ്രസിഡന്റ് പി പി സുഗതനെതിരേ ലീഗ് അംഗങ്ങളായ വൈസ്പ്രസിഡന്റ് സജ്‌ന സക്കറിയ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി കുഞ്ഞാന്‍, കോണ്‍ഗ്രസ് അംഗമായ വല്‍സമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ രംഗത്തെത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷമായ സിപിഎമ്മും നിലപാടെടുത്തതോടെ പ്രസിഡന്റ് ഒറ്റപ്പെട്ടു. നബാര്‍ഡ് ഫണ്ടില്‍ 54 ലക്ഷം രൂപ ചെലവില്‍ രണ്ടു വര്‍ഷം മുമ്പ് നിര്‍മിച്ച ആനക്കല്ല്-മുതുകുളം റോഡുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. റോഡ് നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടികാണിച്ച് കരാറുക്കാരന് പണം നല്‍ക്കുന്നത് പ്രസിഡന്റ് വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് വണ്ടൂര്‍ സ്വദേശിയായ കരാറുക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. 2018 ഫെബ്രുവരി 18നുള്ളില്‍ റോഡ് പരിശോധിച്ച് ക്രമകേട് ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍ കരാറുക്കാരന് പണം നല്‍ക്കാന്‍ കോടതി വിധിച്ചു. ഇതു പ്രകാരം ബ്ലോക്ക് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ റോഡ് പരിശോധിക്കുകയും 15,354 രൂപയുടെ അധിക പ്രവൃത്തി നടത്തിയ ശേഷം കരാറുക്കാരന് പണം നല്‍ക്കാനും എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിഡിഒക്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം ബിഡിഒ ഈ തുക കുറച്ച് കരാറുക്കാരന് അക്കൗണ്ട് വഴി തുക കൈമാറി. എന്നാല്‍, ബോര്‍ഡ് യോഗം കൂടി തീരുമാനം കൈക്കൊള്ളാത്ത കരാറുക്കാരന് പണം കൈമാറിയതിനെ ചൊല്ലി പ്രസിഡന്റ് ബിഡിഓയെ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിക്ക് പോവുന്നതിന് വേണ്ടി പ്രസിഡന്റ് തീരുമാനമെടുക്കുകയും ചെയ്തു. വക്കീലിനെ ചുമതലപ്പെടുത്തുന്നതിനായുള്ള ചെലവിലേക്ക് 15,000 രൂപ മാറ്റിവയ്ക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരേ പ്രതിപക്ഷമായ സിപിഎം വിയോജനകുറിപ്പ് രേഖപ്പെടുത്തിയിരുന്നു. പണം നീക്കിവയ്ക്കുന്ന കാര്യത്തില്‍ ധനകാര്യ കമ്മിറ്റിയും എതിര്‍പ്പ് അറിയിച്ചിരുന്നു.
ഇത് ചര്‍ച്ച ചെയ്യുന്നതിനാണ് തിങ്കളാഴ്ച ബോര്‍ഡ് യോഗം ചേര്‍ന്നത്. കരാറുക്കാരനോടുള്ള മുന്‍വൈരാഗ്യമാണ് വിഷയം കോടതിയിലേക്കെത്തിച്ചതെന്നും ഉദ്യോഗസ്ഥനെത്തിരെയുള്ള പ്രസിഡന്റിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ലീഗ് അംഗങ്ങളുടെയും കോണ്‍ഗ്രസ് അംഗത്തിന്റെയും നിലപാട്.
വിയോജനകുറിപ്പുമായി നേരത്തെ തന്നെ രംഗത്തുള്ള സിപിഎമ്മും ഇവര്‍ക്ക് പിന്തുണയുമായെത്തിയതോടെ അജണ്ട പൂര്‍ത്തീയാക്കാനാവാത്തെ യോഗം പിരിഞ്ഞു. ഇതിനിടെ സിപിഎം അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോവുകയും ചെയ്തു.

RELATED STORIES

Share it
Top