നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത : സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹം - ജില്ലാ പഞ്ചായത്ത്മലപ്പുറം: മലബാറുകാരുടെ സ്വപ്‌നപദ്ധതിയായ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയോട് സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രാരംഭ നടപടികള്‍ക്കായി അനുവദിച്ച ഫണ്ട് ഡിഎംആര്‍സിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ജില്ലാ പഞ്ചായത്ത് ഐകകണ്‌ഠ്യേന അംഗീകരിച്ച പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. പദ്ധതിയുടെ സര്‍വേ നടപടികള്‍ക്കായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എട്ടുകോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം ജനുവരിയില്‍ ആദ്യ ഗഡുവായ രണ്ടുകോടി രൂപ ഡിഎംആര്‍സിക്ക് നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാറും ഉത്തരവിട്ടിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു രൂപ പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാറിനെ വിശ്വസിച്ച് നേരത്ത സര്‍വേ നടപടികള്‍ ആരംഭിച്ച ഡിഎംആര്‍സിക്ക് ഇതോടെ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവന്നു. ഇടതുസര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്ന് ബോധ്യമായതോടെ സര്‍വേ നടപടികളില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് ഡിഎംആര്‍ സി ചെയര്‍മാന്‍ ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. സര്‍വേ നടപടികള്‍ക്കായി തുറന്ന ഓഫിസുകളും അടച്ചുപൂട്ടാനും ഡിഎംആര്‍സി തീരുമാനിച്ചു. ഇതോടെ വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന സ്വപ്‌ന റെയില്‍വേപാത സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്. കര്‍ണ്ണാടക സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് വ്യക്തമായ പിന്തുണ വാഗ്ദാനം ചെയ്തപ്പോഴാണ് കേരള സര്‍ക്കാര്‍ ഇതിനോട് പുറംതിരിഞ്ഞുനില്‍ക്കുന്നത്. സ്വപ്‌ന പദ്ധതി അട്ടിമറിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട ആദ്യഘഡു സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാവണമെന്നും ഇസ്മാഈല്‍ മൂത്തേടം അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അഡ്വ. പി വി മനാഫ് പിന്താങ്ങി. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്ക് മതിയായ ഉപരിപഠന സൗകര്യമില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹനീഫ പുതുപ്പറമ്പ് പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ അധിക സീറ്റുകള്‍ അനുവദിച്ചും മറ്റു സൗകര്യങ്ങള്‍ ഒരുക്കിയും പ്രശ്‌നം ലഘൂകരിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് പ്രമേയത്തെ പിന്താങ്ങിയ ടി പി അഷറഫലി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top