നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത: സിപിഎമ്മില്‍ പുകച്ചില്‍

നഹാസ്  എം  നിസ്താര്‍    

മലപ്പുറം: മലബാറുകാരുടെ ചിരകാല സ്വപ്‌നമായ നിലമ്പൂര്‍-നഞ്ചന്‍കോട് പാത  അവഗണിച്ച് തലശ്ശേരി-മൈസൂരു പാതയ്ക്ക് പ്രാധാന്യം നല്‍കി, പാര്‍ട്ടിയിലെ ഒരു വിഭാഗം പദ്ധതി അട്ടിമറിക്കുന്നതായി ആരോപിച്ച് സിപിഎമ്മില്‍ പുകച്ചില്‍. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രാദേശിക കമ്മിറ്റികളിലാണു നിലമ്പൂര്‍-നഞ്ചന്‍കോട് പാത ചര്‍ച്ചയാവുന്നത്.
2016ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പിട്ട കരാര്‍ അട്ടിമറിച്ചതിനു പിന്നില്‍ സിപിഎം കണ്ണൂര്‍ ലോബിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എട്ട് പ്രധാന പദ്ധതികളില്‍ സംയുക്ത സംരംഭങ്ങളുള്‍പ്പെട്ട മുന്‍ഗണനാ ലിസ്റ്റില്‍ രണ്ടാമതു പദ്ധതിയായിരുന്നു നിലമ്പൂര്‍-നഞ്ചന്‍കോട് പാത. ഡിഎംആര്‍സിക്കായിരുന്നു സര്‍വേ ചുമതല. ഡല്‍ഹി മെട്രോ ചെയര്‍മാനായിരുന്ന ഇ ശ്രീധരന്‍ പാത കേരളത്തിന് അനന്ത സാധ്യതകള്‍ തുറന്നിടുമെന്നു സര്‍ക്കാരിനു റിപോര്‍ട്ടും നല്‍കി. കരാറനുസരിച്ചു പദ്ധതി ചെലവിന്റെ 51 ശതമാനം സംസ്ഥാന സര്‍ക്കാരും 49 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്ക് 3000 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ അന്ന് അനുവദിച്ചത്. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സിയെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ തുക നല്‍കിയില്ല. ഇതോടെ ഡിഎംആര്‍സി പിന്‍മാറി.
2016ലെ മുന്‍ഗണനാ ലിസ്റ്റില്‍ തലശ്ശേരി-മൈസൂരു പാതയുമുണ്ടായിരുന്നു. എന്നാല്‍ നിലമ്പൂര്‍-നഞ്ചന്‍കോട്് പൂര്‍ത്തീകരിച്ച ശേഷം മാനന്തവാടിയില്‍ നിന്നും തലശ്ശേരിയിലേക്കു ലിങ്ക് പാത നിര്‍മിക്കാനായിരുന്നു പദ്ധതി. എങ്കില്‍ തലശ്ശേരി പാത കൊണ്ടുള്ള നഷ്ടം കുറയ്ക്കാമെന്നും കണ്ടെത്തി. എന്നാല്‍ ഇത് അട്ടിമറിച്ചു സംസ്ഥാനത്തിനും റെയില്‍വേയ്ക്കും വന്‍ ബാധ്യതയായി മാറുന്ന തലശ്ശേരി-മൈസൂരു പദ്ധതിക്കായി ചരടു വലിച്ചുവെന്നാണ് ആരോപണം. ലാഭകരമെന്നു കണ്ടെത്തുന്നതിനായി തലശ്ശേരി-മൈസൂരു പാതയുടെ സര്‍വേ ഒരു സ്വകാര്യ ഏജന്‍സിക്കാണ് നല്‍കിയത്.
നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്കു മുറവിളി തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മലപ്പുറം, വയനാട്, നീലഗിരി ജില്ലകളുടെ വികസനത്തിന് ഈ പാതയ്ക്കുള്ള ആവശ്യത്തിനു ബ്രിട്ടീഷ് ഭരണകാലം വരെ പഴക്കമുണ്ട്.  ഇ അഹമ്മദ് കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പാത അംഗീകരിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് അനുമതിക്കായി സമര്‍പ്പിച്ചിരുന്നു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായും അന്നത്തെ റെയില്‍വെ മന്ത്രിയുമായും നടത്തിയ നിരന്തര ചര്‍ച്ചയുടെ ഫലമായിരുന്നു കേന്ദ്ര, സംസ്ഥാന സംയുക്ത റെയില്‍വേ പദ്ധതിയെന്ന ആശയം. ലാഭകരമാവില്ലെന്നു ഡിഎംആര്‍സി കണ്ടെത്തിയ തലശ്ശേരി-മൈസൂരു പാതയ്ക്കു വേണ്ടി നിലമ്പൂര്‍-നഞ്ചന്‍കോഡ് പാതയെ സിപിഎം തള്ളിയതാണു പാര്‍ട്ടിയില്‍ വിവാദത്തിന് ഇടയാക്കിയത്്. ഇക്കാര്യത്തില്‍ മലബാറിലെ സിപിഎം നേതാക്കളുടെയും ജനപ്രതിനിധികളുടെയും അമര്‍ഷം നേതൃത്വത്തെ അറിയിച്ചതായാണു വിവരം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്് നിലമ്പൂര്‍-നഞ്ചന്‍കോട് പാത പ്രശ്‌നമാവും.

RELATED STORIES

Share it
Top