നിലമ്പൂര്‍ നഗരസഭസിപിഎം-യുഡിഎഫ് തര്‍ക്കം മുറുകുന്നു

നിലമ്പൂര്‍: നഗരസഭയില്‍ യുഡിഎഫ്-സിപിഎം തര്‍ക്കം മുറുകുന്നു. നഗരസഭാ ഭരണസമിതിക്കെതിരേ സിപിഎം നടത്തിയ നഗരസഭ വളയല്‍ സമരമാണ് യുഡിഎഫിനെ ചൊടിപ്പിച്ചത്. അന്നുതന്നെ മികവിനുള്ള അംഗീകാരം നഗരസഭയെ തേടിയെത്തിയതും യുഡിഎഫ് -സിപിഎമ്മിനെതിരെയുള്ള പ്രചാരണ ആയുധമാക്കുകയാണ്. നികുതി കുടിശ്ശിക പിരിവിനെ എതിര്‍ത്ത് സിപിഎം രംഗത്തു വന്നപ്പോള്‍ അത് 100 ശതമാനമാക്കാന്‍ കഴിഞ്ഞതും യുഡിഎഫ് എടുത്തുകാട്ടുന്നു. മാലിന്യ സംസ്‌കരണ സംവിധാനം നിലവില്‍ ഇല്ലെന്ന് സിപിഎം പറയുമ്പോള്‍ പ്രതിപക്ഷ നേതാവ് എന്‍ വേലുക്കുട്ടിയുടെ ഡിവിഷനിലാണ് ഏറ്റവും കൂടതല്‍ മാലിന്യപ്രശ്‌നമെന്നു ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ആരോപിച്ചു.
ബുധനാഴ്ച്ച യുഡിഎഫ് നിലമ്പൂരില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഎമ്മിനെ കടന്നാക്രമിക്കുകയും വെല്ലുവിളിക്കുകയും ചെയുന്ന പ്രസംഗങ്ങളാണ് നേതാക്കള്‍ നടത്തിയത്. സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയത പരമാവധി മുതലെടുക്കാനും  മുസ്്‌ലിംലീഗ് - കോണ്‍ഗ്രസ് ഭിന്നതകളള്‍ക്ക് തടയിടാനുമാണ് യുഡിഎഫ് നീക്കം. യുഡിഎഫ് ഭരണസമിതി രണ്ടര വര്‍ഷം പിന്നിട്ടിട്ടും ഭരണസമിതിക്കെതിരേയുള്ള ജനവികാരം മുതലെടുക്കാന്‍ കഴിയാത്തതാണ് സിപിഎമ്മിന് തിരിച്ചടിയാവുന്നത്. എല്‍ഡിഎഫിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ എല്‍ഡിഎഫിനെ ഒരു കുടക്കീഴില്‍ നിര്‍ത്താനും സിപിഎമ്മിന് നഗരസഭയില്‍ കഴിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top