നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ക്ക് മൂന്നുകോടി അനുവദിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതിന്റെ പ്രാഥമികാ കാര്യങ്ങള്‍ ആലോചിക്കാനായി പി വി അന്‍വര്‍ എംഎല്‍എയും വിവിധ ഉദ്യോഗസ്ഥരും ആശുപത്രിയില്‍ ചര്‍ച്ചകള്‍ നടത്തി.
പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയാലിസിസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ മൂന്ന് കോടി രൂപ അനുവദിച്ചു.
ഈ മേഖലയില്‍ വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണം പരിഗണിച്ചാണ് പുതിയ സൗകര്യങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ കെട്ടിടം വേണമോ എന്ന കാര്യം പരിശോധിച്ചു. എന്നാല്‍, നിലവിലുള്ള കെട്ടിടത്തിന്റെ മുകള്‍നിലയില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കാമെന്ന് സംഘം വിലയിരുത്തി. നിലവിലുള്ള ഒ പി ബ്ലോക്കിന്റെ മുകളിലത്തെ നിലയിലാവും സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കുക. അടുത്ത 25ന് ആശുപത്രിയുടെ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്എംസി) യോഗം ചേരുന്നുണ്ട്. അതില്‍ ഈ വിഷയം അവതരിപ്പിച്ചതിനു ശേഷമായിരിക്കും അന്തിമമായ തീരുമാനം കൈക്കൊള്ളുക.
പി വി അന്‍വര്‍ എംഎല്‍എ, ആശുപത്രി സൂപ്രണ്ട് ഡോ.സി ഹമീദ്, ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷിബുലാല്‍,  ഡോ.കെ കെ പ്രവീണ, ആശുപത്രി ജൂനിയര്‍ സൂപ്രണ്ട് പി വിജയകുമാര്‍, നഗരസഭാംഗം അരുമ ജയകൃഷ്ണന്‍, പി ടി ഉമ്മര്‍, മാട്ടുമ്മല്‍ സലീം, കെ റഹീം സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top