നിലപാട് മയപ്പെടുത്തി സര്‍ക്കാരും ഐഎംഎയും

ശ്രീജിഷ   പ്രസന്നന്‍

തിരുവനന്തപുരം: പാലോട് ഓടുചുട്ടപടുക്കയില്‍ ഐഎംഎ സ്ഥാപിക്കാനൊരുങ്ങുന്ന ആശുപത്രി മാലിന്യസംസ്‌കരണ പ്ലാന്റിന്റെ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാരും ഐഎംഎയും. സ്ഥലത്തെ ജനരോഷം കണക്കാക്കിയാണ് സര്‍ക്കാര്‍ നിലപാടില്‍ അയവുവരുത്തിയത്. പ്ലാന്റിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് അവിടെ ജനരോഷം ശക്തമായത്. പാലോട് തന്നെ പ്ലാന്റ് വേണമെന്നില്ലെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇതുസംബന്ധിച്ച് ഇന്നലെ പ്രതികരിച്ചത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പ്ലാന്റ് സ്ഥാപിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടിനു പിന്നാലെ ഐഎംഎയും അഭിപ്രായം മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ മറ്റൊരു സ്ഥലം കണ്ടെത്തിത്തന്നാല്‍ അവിടെ പ്ലാന്റ് സമയബന്ധിതമായി പൂ ര്‍ത്തിയാക്കാമെന്ന് ഐഎംഎ പ്രതിനിധി വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. പാലോട് ഉടലെടുത്ത ജനവികാരം ഉള്‍ക്കൊണ്ടാണ് നിലപാട് മാറ്റമെന്നും ഐഎംഎ വ്യക്തമാക്കി. അതേസമയം, വനം വകുപ്പിനു പിന്നാലെ പ്ലാന്റിനെതിരേ റവന്യൂവകുപ്പും റിപോര്‍ട്ട് സമര്‍പ്പിച്ചു. ഐഎംഎയുടെ നിര്‍ദിഷ്ട ഭൂമിയില്‍ അഞ്ച് ഏക്കര്‍ നിലമായതിനാല്‍ നിര്‍മാണ അനുമതി നല്‍കുന്നതിന് നിയമപരമായ തടസ്സമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ കെ വാസുകിക്ക് കൈമാറിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്നും റിപോര്‍ട്ടിലുണ്ട്. ആകെ 6 ഏക്കര്‍ 80 സെന്റ് സ്ഥമാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഐഎംഎ ഇവിടെ വാങ്ങിയിട്ടുള്ളത്. പദ്ധതി പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെയുള്ള സമൃദ്ധമായ നീരുറവയും തൊട്ടടുത്തായി ജനവാസവുമുണ്ട്. സ്ഥലത്തുനിന്ന് 350 മീറ്റര്‍ മാത്രം അകലത്തില്‍ താന്നിമൂട് പട്ടികവര്‍ഗ കോളനിയും 750 മീറ്റര്‍ മാറി ചോനമല പട്ടികജാതി കോളനിയുമുണ്ട്. പ്ലാന്റിനെതിരേ പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പുള്ളതിനാല്‍ ജനകീയ പ്രക്ഷോഭത്തിന് വഴിവയ്ക്കുമെന്നും തഹസില്‍ദാര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  സിപിഎം പ്രദേശിക നേതൃത്വവും പെരിങ്ങമല പഞ്ചായത്തും പ്ലാന്റ് വേണ്ടെന്ന നിലപാടിലാണ്. ഇതാണ് പ്ലാന്റിനെ അനുകൂലിക്കുന്ന നീക്കം മയപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്ലാന്റിന് അനുമതി നല്‍കിയാല്‍ ശക്തമായ പ്രക്ഷോഭം നടത്താന്‍ പഞ്ചായത്തും തീരുമാനിച്ചിരുന്നു. ഇതിനുപുറമെ ജില്ലാകലക്ടറുടെ സന്ദര്‍ശനത്തിലുണ്ടായ ജനരോഷവും കണക്കിലെടുത്താണ് പ്ലാന്റ് മറ്റൊരിടത്ത് സ്ഥാപിക്കാനുള്ള ആലോചന ആരംഭിച്ചത്. അതേസമയം, സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പ്ലാന്റിനുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുക. ഒരാഴ്ചയ്ക്കകം കലക്ടര്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തഹസില്‍ദാരുടെ വിശദമായ റിപോര്‍ട്ടും ജനങ്ങളുടെ ആശങ്കകളും എതിര്‍പ്പും പരിഗണിക്കാതെ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ല. നിലം നികത്തല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയുള്ള റവന്യൂ റിപോര്‍ട്ട് അനുകൂലമാവും. വനംവകുപ്പും പദ്ധതിയെ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ കലക്ടര്‍ കെ വാസുകിയുടെ റിപോര്‍ട്ടിലാണ് പാലോട് നിവാസികളുടെ പ്രതീക്ഷ.

RELATED STORIES

Share it
Top