നിലപാട് മയപ്പെടുത്തി ലത്തീന്‍ സഭ

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരായ നിലപാട് മയപ്പെടുത്തി ലത്തീന്‍ അതിരൂപത. വനംമന്ത്രി കെ രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രത്യക്ഷസമരങ്ങളില്‍ നിന്നു പിന്മാറാന്‍ സഭാ നേതൃത്വം തീരുമാനിച്ചു. ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്നു മുതല്‍ നടത്താനിരുന്ന പ്രത്യക്ഷസമരം മാറ്റിവച്ചത്.
നിയന്ത്രണവിധേയമായി ആരാധനാസ്വാതന്ത്ര്യം അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കുരിശുമായി മല കയറാന്‍ അനുവദിക്കില്ല. എന്നാല്‍, വിശേഷദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കും. കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നിര്‍മാണം നടത്താന്‍ കഴിയില്ല. അതിനാല്‍ കുരിശു സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് സഭാ പ്രതിനിധികളെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ അന്തിമതീരുമാനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്ന് സൂസെപാക്യം പ്രതികരിച്ചു.
ബോണക്കാട് കുരിശുമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ലത്തീന്‍ സഭ ആഹ്വാനം ചെയ്തിരുന്നു. പോലിസിന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും നീതികിട്ടും വരെ സമരം ചെയ്യണമെന്നും നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്കു കീഴിലുള്ള ദേവാലയങ്ങളില്‍ വായിച്ച ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇന്നു മുതല്‍ പ്രതിഷേധ പരിപാടികള്‍ക്കാണ് ലത്തീന്‍ സഭ ആഹ്വാനം ചെയ്തിരുന്നത്.

RELATED STORIES

Share it
Top