നിലം നികത്തി; നിര്‍ധന കുടുംബം ദുരിതത്തില്‍

കരുനാഗപ്പള്ളി:കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തില്‍ അനധികൃതമായി നിലം നികത്തിയത് കാരണം വെള്ളക്കെട്ടില്‍ അകപ്പെട്ട് കാന്‍സര്‍ രോഗിയും, ഹൃദ്‌രോഗിയും ഉള്‍പ്പടെയുള്ള ഒരു കുടുംബം ദുരിതത്തിലായിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. കാലാകാലങ്ങളായി വെള്ളം ഒഴുകിയിരുന്ന ഓടയില്‍ കൂടിയുള്ള ഒഴുക്ക് തടഞ്ഞ് നിലംനികത്തിയതുമൂലം വെള്ളം ഒഴുകാതെ കെട്ടി കിടന്ന് ദുരിതമനുഭവിയ്ക്കുകയാണ് കുലശേഖരപുരം പഞ്ചായത്തില്‍ ആദിനാട് തെക്ക് പേട്ടില്‍ കിഴക്കേത്തറയില്‍ 63 കാരനായ ഗോപാലകൃഷ്ണനും കുടുംബവും. ആദിനാട് വില്ലേജിലെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള ആയിരപ്പറ നിലം എന്ന പേരിലുള്ള നെല്‍വയലാണ് അനധികൃതമായി റവന്യു ഉദ്യോഗസ്ഥന്‍ നികത്തി വീട് വെച്ചിട്ടുള്ളത്.
30.35 ഏക്കറോളം വിസ്തൃതമായ വയലിന്റെ കുറച്ചുഭാഗമാണ് അനുവാദം കൂടാതെ നികത്തിയിട്ടുള്ളത്.ഇതു മൂലം കാലാകാലങ്ങളായി വെള്ളം ഒഴുകിയിരുന്ന ഓടയില്‍ കൂടിയുള്ള ഒഴുക്ക് നിലച്ചതിനാല്‍ സമീപമുള്ള ഗോപാലകൃഷ്ണന്റെ വീട്ടില്‍ വെള്ളം കയറിയത്. അനധികൃതമായി നെല്‍വയല്‍ നികത്തുന്നതിനെതിരേ ഇദ്ദേഹം വില്ലേജ് ഓഫിസര്‍,തഹസില്‍ദാര്‍,ജില്ലാകലക്ടര്‍, പട്ടികജാതി കമ്മീഷണര്‍ തുടങ്ങി വകുപ്പുമന്ത്രി,മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഗോപാലകൃഷ്ണന് അനുകൂലമായ റിപോര്‍ട്ടാണ് ലഭിച്ചിട്ടുള്ളത്.
എന്നാല്‍ വയല്‍ നികത്തി വീടുവെച്ച റവന്യു ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം നല്‍കിയ പരാതിയില്‍ ലഭിച്ച മറുപടിയിലാണ് ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട നിലം അനധികൃതമായി നികത്തിയത് എന്നു പറയുന്നത്. തണ്ണീര്‍തടാക സംരക്ഷണ നിയമത്തിലെ വകുപ്പ് മൂന്നിന്റെ ലംഘനവും വകുപ്പ് 23 പ്രകാരം ശിക്ഷാര്‍ഹവുമായതിനാല്‍ തുടര്‍നടപടി സ്വീകരിക്കാവുന്നതാണ് എന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുള്ളതുമാണ്. ഇത് മറച്ചുവെച്ച് നിലംനികത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷക്കാലമായി അലര്‍ജിയ്ക്ക് ചികില്‍സയിലായതിനാല്‍ വീട്ടില്‍ കയറാതെ മകളുടെ വീട്ടിലാണ് താമസിക്കുന്നത്. ഹൃദ്‌രോഗിയായ ഭാര്യ സരസമ്മ (61), മകന്‍ ജയപ്രകാശ്, മരുമക്കള്‍ രജനി, ഇവരുടെ മക്കളായ 9,5,1, വയസുള്ള മുന്നൂ കുട്ടികള്‍ ഉര്‍പ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.കാന്‍സര്‍ രോഗിയായ മകന്‍ കഴിഞ്ഞ 10 വര്‍ഷമായി ആര്‍ സി സിയിലെ ചികില്‍ല്‍സയിലാണ്. മക്കളുടെ ചികില്‍സയ്ക്ക് വേണ്ടിയാണ് ഇവര്‍ താമസിച്ചിരുന്ന വീട് വിറ്റ് ഇവിടെ വന്നതെന്ന് ഇവര്‍ പറയുന്നത്. ഓടയില്‍ കൂടിയുള്ള ഒഴുക്ക് തടസപ്പെടുത്തിയത് പുനഃസ്ഥാപിക്കണമെന്നാണ് ഈ കുടുബം ആവശ്യപ്പെടുന്നത്. കാര്‍ഷിക വിളകള്‍ സമൃദ്ധമായി കൃഷി ചെയ്തിരുന്ന സമീപത്തെ വസ്തുവില്‍ വയല്‍ നികത്തിയതോടെ വെള്ളം കെട്ടി നിന്ന് വിളകള്‍ നശിക്കുന്നതായി സമീപവാസികളും പറയുന്നു.

RELATED STORIES

Share it
Top