നിലംനികത്തി ഫഌറ്റ് നിര്‍മാണം: അനേ്വഷണത്തിന് ഉത്തരവ്

കോഴിക്കോട്: പന്നിയങ്കരയില്‍ വര്‍ഷങ്ങളായി നിലമായി കിടന്ന സ്ഥലത്ത് ഫഌറ്റ് നിര്‍മിക്കാന്‍ കോഴിക്കോട് നഗരസഭ അനുമതി നല്‍കിയത് സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആര്‍ഡിഒയോട് ആവശ്യപ്പെട്ടു.
ഒരു മാസത്തിനകം അനേ്വഷണ റിപോര്‍ട്ട് ഹാജരാക്കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടത്. പന്നിയങ്കര സ്വദേശി എം സന്തോഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. തന്റെ വീടിന് സമീപം നെല്‍കൃഷി നടത്തുന്ന വയല്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് ഒരു സ്വകാര്യകമ്പനിക്ക് ഫഌറ്റ് നിര്‍മിക്കാന്‍ കോഴിക്കോട് നഗരസഭ അനുമതി നല്‍കിയതായും നിര്‍മാണം കാരണം തന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചതായും പരാതിയില്‍ പറയുന്നു. കേട്പാട് സംഭവിച്ചതിന്റെ ചിത്രങ്ങള്‍ ഇദ്ദേഹം കമ്മീഷന് ഹാജരാക്കിയിട്ടുണ്ട്. വയലിനരികില്‍ പുരാതനമായ ഒരു കുളമുണ്ടായിരുന്നതായും പരാതിയിലുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ കോഴിക്കോട് നഗരസഭാ സെക്രട്ടറിയില്‍ നിന്നു കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 30 വര്‍ഷം പഴക്കമുള്ള വീടും 40 വര്‍ഷം പഴക്കമുള്ള വൃക്ഷങ്ങളും ഉണ്ടായിരുന്ന സ്ഥലമായതിനാലാണ് കെട്ടിടനിര്‍മണത്തിന് അനുമതി നല്‍കിയതെന്നായിരുന്നു നഗരസഭാ സെക്രട്ടറിയുടെ വിശദീകരണം. നിര്‍മാണം 90 ശതമാനം പൂത്തിയായപ്പോഴാണ് പരാതിയുണ്ടായത്. നഗരസഭ നേരിട്ട് ഡ്രൈനേജ് നിര്‍മിച്ചെന്നും തൊട്ടടുത്ത വീടുകളുടെ അറ്റകുറ്റപണികള്‍ നഗരസഭ നിര്‍വഹിച്ചതായും റിപോര്‍ട്ടിലുണ്ട്. വര്‍ഷങ്ങളായി നിലമായി കിടന്ന സ്ഥലത്ത് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് ശരിയായില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
വില്ലേജ് ഓഫിസര്‍ റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിന് അനുമതി നല്‍കിയതെന്ന വാദം സ്വീകാര്യമല്ല. നിലംനികത്തി ഫഌറ്റ് നിര്‍മ്മിക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികള്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുണ്ടോയെന്ന് നഗരസഭയുടെ റിപോര്‍ട്ടില്‍ വ്യക്തമല്ലെന്ന് കമ്മീഷന്‍ പറയുന്നു. പരാതിയുടെ പകര്‍പ്പും നഗരസഭയുടെ റിപോര്‍ട്ടും കമ്മീഷന്‍ ആര്‍ഡിഒക്ക് അയക്കും. ആര്‍ഡിഒ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

RELATED STORIES

Share it
Top