നിറ്റ ജലാറ്റിന്‍: മലിനീകരണ പ്രശ്‌നം പരിഹരിക്കാന്‍ നടപടി

തൃശൂര്‍: നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ നിന്നു ചാലക്കുടി പുഴയിലേക്ക് കാല്‍സ്യം ക്ലോറൈഡ് കലര്‍ന്ന മലിനജലം ഒഴുക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം തീരുമാനിച്ചു.
പുഴ മലിനമാക്കുന്നത് സമീപ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളത്തെയും ബാധിക്കുന്നുണ്ട്. കുടിവെള്ളത്തിനുള്ള സമീപവാസികളുടെ പ്രധാന സ്രോതസ്സ് പുഴയാണ്. വേനലില്‍ പുഴയിലെ ഒഴുക്കു കുറയുമ്പോള്‍ പ്രശ്‌നം രൂക്ഷമാവാറുണ്ട്.
ലോകത്തെവിടെയും സമാനമായ ഫാക്ടറികള്‍ ഉപ്പുകലര്‍ന്ന വെള്ളം കടലിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, പുഴയുടെ തീരുത്തു കൂടി പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് കായലിലേക്ക് നിര്‍ഗമജലം ഒഴുക്കാന്‍ സംവിധാനമുണ്ടാക്കണമെന്നു യോഗം തീരുമാനിച്ചു. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പഠനം നടത്താന്‍ കെഎസ്‌ഐഡിസിയെയും നിറ്റ ജലാറ്റിന്‍ കമ്പനിയെയും യോഗം ചുമതലപ്പെടുത്തി. പഠനം പെട്ടെന്ന് പൂര്‍ത്തിയാക്കണം. വേനല്‍ക്കാലത്ത് പുഴയിലെ വെള്ളത്തിന് നിറവ്യത്യാസം കാണുന്നുണ്ട്.
പ്രത്യേക ഇനം പായലുകള്‍ വേനലില്‍ ദൃശ്യമാണ്. വിഷാംശം കലര്‍ന്നതുകൊണ്ടാണോ നിറവ്യത്യാസവും പായലിന്റെ സാന്നിധ്യവുമെന്നു മനസ്സിലാക്കാന്‍ പഠനം നടത്തുന്നതിന് കേരള വാട്ടര്‍ അതോറിറ്റിയെ യോഗം ചുമതലപ്പെടുത്തി. കമ്പനിയില്‍ നിന്നല്ലാതെ സമീപത്തെ താമസകേന്ദ്രങ്ങളില്‍ നിന്നു പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നുണ്ട്.
ഇതു കണക്കിലെടുത്ത് പുഴ മലിനമാവാതിരിക്കാനുള്ള നടപടികളെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി.
യോഗത്തില്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍, പി എച്ച് കുര്യന്‍ പങ്കെടുത്തു. മലിനീകരണം ഒഴിവാക്കുന്നതിന് ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നു കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top