നിര്‍വൃതിയാവണം നോമ്പുകാലത്തിന്റെ നീക്കിവയ്പ്

ആത്മസംസ്‌കരണത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും ആശിച്ച നാളുകളും അസുലഭ മുഹൂര്‍ത്തങ്ങളുമാണ് വിശ്വാസികള്‍ക്കു മുമ്പില്‍ ഇനിയുള്ളത്. ആയുസ്സിന്റെ പുസ്തകത്തില്‍ അറിഞ്ഞോ അറിയാതെയോ അകപ്പെട്ടുപോയ അക്ഷരത്തെറ്റുകള്‍ വെട്ടിത്തിരുത്താനും, ആണ്ടറുതികളോരോന്നും ഓടിയകലുമ്പോള്‍ അല്ലാഹുവിനു വേണ്ടി അവശേഷിപ്പിച്ചത് എെന്തന്ന് ആത്മവിചാരണ ചെയ്യാനും സാധിക്കുംവിധം സഹനവും സംയമനവും സമ്മേളിപ്പിച്ചുകൊണ്ടാണ് ഓരോ റമദാനും കടന്നുവരുന്നത്. അതുകൊണ്ടുതന്നെ പരമാവധി ഉപയോഗപ്പെടുത്താനും ഉപാധികളോടെയാണെങ്കിലും ഉപരിപ്ലവമാകാതെ നോക്കാനും സാധിച്ചുവെന്ന നിര്‍വൃതിയാകണം ഓരോ നോമ്പുകാലത്തും വിശ്വാസിയുടെ നീക്കിവയ്പ്.
അച്ചടക്കമാണ് നോമ്പ് മനുഷ്യനില്‍ സൃഷ്ടിക്കുന്ന ഏറ്റവും വലിയ ഗുണങ്ങളിലൊന്ന്. സ്വതവേ അച്ചടക്കശീലനായ വിശ്വാസിക്ക് നോമ്പ് നല്‍കുന്ന നിയന്ത്രണങ്ങള്‍ ജീവിതക്രമങ്ങള്‍ക്ക് ത്യാഗത്തിന്റെ ഒരു തലം സമ്മാനിക്കുന്നു. പ്രാപ്യമായതുപോലും പരിത്യജിക്കാന്‍ സന്നദ്ധമാവുന്ന ആ വിതാനത്തിന് ആത്മാര്‍ഥതയുടെ ചുവയും ചൈതന്യവുമുണ്ടാകുമ്പോഴാണ് അത് തഖ്‌വയായി മാറുന്നത്. അതുതന്നെയാണ് അല്ലാഹു ഉദ്ദേശിക്കുന്നതും. “നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയാണ് പൂ—ര്‍വികര്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാ—ക്കപ്പെട്ടത്’ (അല്‍ബഖറ 183).
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഭോഗഭോജനാദികളില്‍ നിന്ന് മാറിനിന്നതുകൊണ്ടു മാത്രം നേടിയെടുക്കാന്‍ കഴിയുന്നതല്ല പ്രസ്തുത ഗുണം. നമ്മുടേതു പോലൊരു സാമൂഹികാന്തരീക്ഷത്തില്‍ പ്രത്യേകിച്ചും. മതം വളരെ സജീവമായ കാലമാണിത്. വഅഌ, മതപഠന ക്ലാസുകള്‍ മുതല്‍ പത്രപ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെ എന്തും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കുന്ന സാമൂഹിക-സാമ്പത്തിക ഭദ്രത ഇന്ന് നമുക്കുണ്ട്. അതിലേക്ക് നോമ്പ്, പെരുന്നാള്‍ തുടങ്ങിയവ കൂടി കടന്നുവരുമ്പോള്‍ സ്വാഭാവികമായും സജീവത കൂടും.
അതുകൊണ്ട് മാത്രമായില്ല, പ്രകടനപരതക്കും സാമുദായിക ഗതി—ഗമനങ്ങള്‍ക്കുമപ്പുറം ആത്മാവില്‍ തൊടുന്ന ആരാധനാരീതികള്‍ക്കും അനുഷ്ഠാന കര്‍മങ്ങള്‍ക്കും വ്യക്തിജീവിതത്തില്‍ ഇടംനല്‍കാന്‍ വലിയ ത്യാഗം തന്നെ വേണ്ടിവരും പുതിയ കാലത്ത്. ഖുര്‍ആന്‍ പാരായണം കൊണ്ട് അലംകൃതമായ പകലുകളും നമസ്‌കാരം കൊണ്ട് വിമലീകൃതമായ രാവുകളും അഗതി—സാധുസംരക്ഷണ-ക്ഷേമപ്രവര്‍ത്തനങ്ങളുമൊക്കെയായി ജീവിതം പുനഃക്രമീകരിക്കാന്‍ ഇതിലൂടെ സാധിക്കും.
ഇമാം ഗസാലിയുടെ വരികള്‍ ഇങ്ങനെ വായിക്കാം: ആറ് കാര്യങ്ങളിലൂടെയാണ് സജ്ജനങ്ങളുടെ നോമ്പിന്റെ പൂര്‍ണത. കണ്ണുചിമ്മിക്കളയുകയും ഇസ്‌ലാമികമായി വിലക്കുള്ളതിലേക്കും ഇലാഹീ സ്മരണ ഇല്ലാതാക്കി ഭൗതിക താല്‍പര്യം ജനിപ്പിക്കുന്നതിലേക്കും അതുകൊണ്ട് നോക്കാതിരിക്കുകയും ചെയ്യലാണ് അതിലൊന്ന്. തര്‍ക്കം, പൊങ്ങച്ചം, വെറുപ്പ് പ്രകടിപ്പിക്കല്‍, തെമ്മാടിത്തം, ഏഷണി, പരദൂഷണം, കളവ്, അസഭ്യം പറയല്‍ എന്നിവയില്‍ നിന്ന് നാവിനെ സൂക്ഷിക്കലും, മൗനിയായും ദിക്‌റിലും ഖുര്‍ആന്‍ പാരായണത്തിലും കഴിച്ചുകൂട്ടലുമാണ് രണ്ടാമത്തേത്. അനഭിലഷണീയമായ കാര്യങ്ങളില്‍ നിന്ന് കാതുകളെ തടയലാണ് മൂന്നാമത്തേത്.
കൈകാലുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് അവയവങ്ങളെ തെറ്റുകളില്‍ നിന്ന് തടയലും നോമ്പ് തുറക്കുന്ന നേരത്ത് അനുവദനീയമെന്ന് ഉറപ്പില്ലാത്ത ഭക്ഷ്യവസ്തുക്കളില്‍ നിന്ന് വയറിനെ സംരക്ഷിക്കലുമാണ് നാലാമത്തേത്. ഹലാലെന്നുറപ്പുള്ള ഭക്ഷണം തന്നെ വയറു നിറഞ്ഞുകവിയുവോളം കഴിക്കാതിരിക്കുകയാണ് അഞ്ചാമതായി വേണ്ടത്. ആറാമതായി നോമ്പ് തുറക്കുന്ന വേളയില്‍ മനസ്സ് പേടിയും പ്രതീക്ഷയും കലര്‍ന്ന നിലയില്‍ അസ്വസ്ഥമായിരിക്കണമെന്നാണ്. കാരണം അവനറിയില്ലല്ലോ അവന്റെ നോമ്പ് അല്ലാഹു സ്വീകരിക്കുമോ അതോ തിരസ്‌കരിക്കുമോ എന്ന് (ഇഹ്‌യാ 1:457). വ്രതത്തിന്റെ ആത്മസത്ത ഉള്‍ക്കൊള്ളുകയും ഉള്ളും പുറവും ഒരുപോലെ അതില്‍ ഭാഗഭാക്കാക്കുകയും ചെയ്യുന്നവര്‍ക്കാണ് നോമ്പ് നല്‍കുന്ന നിര്‍വൃതി അനുഭവവേദ്യമാകുക എന്നാണ് ഇതില്‍ നിന്നു വ്യക്തമാവുന്നത്.

RELATED STORIES

Share it
Top