നിര്‍മിച്ചത് കൈയേറിയ സ്ഥലത്തെന്നാരോപിച്ച് വീട് തകര്‍ത്തു

ആലത്തൂര്‍: നിര്‍ധന കുടുംബത്തിന്റെ വീട് ഒരു സംഘം തകര്‍ത്തു. അയിലൂര്‍ പടിഞ്ഞാറെ വീട് രവീന്ദ്രന്റെ ഭാര്യ ദേവുവിന്റെ വീടാണ് തകര്‍ത്തത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീട് നിര്‍മിച്ചത് കൈയേറിയ സ്ഥലത്താണെന്നാരോപിച്ചായിരുന്നു ആക്രമണം. ദേവുവിന് വീട് നിര്‍മിക്കാന്‍ സഹായം ചെയ്തുവെന്നാരോപിച്ച് ദലിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വിനുവിന്റെ വീടിനും കേടുവരുത്തി. രണ്ടു സംഭവങ്ങളിലായി ഏഴുപേര്‍ക്കെതിരെ നെന്മാറ പോലിസ് കേസെടുത്തു.
അയിലൂര്‍ സ്വദേശികളായ രമേശ്, ചന്ദ്രശേഖരന്‍, ശിവന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന നാലുപേര്‍ക്കെതിരെയുമാണ് കേസെടുത്ത്. പഞ്ചായത്തിന്റെ ധനസഹായമുപയോഗിച്ച് ഒന്നേ മുക്കാല്‍ സെന്റിലാണ് ദേവു ചെറിയൊരു ഷെഡ് നിര്‍മിച്ചത്. ഇത് കയ്യേറിയസ്ഥലത്താണെന്നാരോപിച്ചാണ് വീടിന്റെ തകരഷീറ്റും, വാതിലും, ജനലുമള്‍പ്പെടെ തകര്‍ത്തത്. 70,000 രൂപയുടെ നഷ്ടമുണ്ടായി. വിനുവിന്റെ വീടിന്റെ ജനലുകളും, കസേരകളുമാണ് തകര്‍ത്തത്.
ദലിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വിനുവിന്റെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അയിലൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. ഡിസിസി സെക്രട്ടറി കെ ജി എല്‍ദോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ് എം ഷാജഹാന്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി എം പത്മഗിരീശന്‍, കെ കെ കുഞ്ഞുമോന്‍, കെ വി ഗോപാലകൃഷ്ണന്‍, കെ കുഞ്ഞന്‍, വി പി രാജു, എ സുന്ദരന്‍, കെ വിനു സംസാരിച്ചു.

RELATED STORIES

Share it
Top