നിര്‍മാതാക്കളുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു: സാമുവല്‍ റോബിന്‍സണ്‍

തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ എന്ന ചലച്ചിത്ര നിര്‍മാതാക്കളുമായി നിലനിന്ന എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നതായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. നിര്‍മാതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നെന്നും അതിനെ തുടര്‍ന്ന് തനിക്കു മാന്യമായ പ്രതിഫലം ലഭിച്ചെന്നും സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വംശീയവിവേചനമുണ്ടായി എന്ന് ആദ്യം ആരോപിച്ചത് തെറ്റിദ്ധാരണ മൂലമാണ്. ചിത്രത്തിലൂടെ ലഭിച്ച തുകയുടെ ഒരു ചെറിയ പങ്ക് വംശീയവിവേചനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ദ റെഡ് കാര്‍ഡ് എന്ന സംഘടനയ്ക്കു നല്‍കും. തന്റെ വാക്കുകള്‍ സക്കരിയ, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരെ വേദനിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നു. പ്രശ്‌നം തീര്‍ക്കാന്‍ ഇടപെട്ട ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പോസ്റ്റില്‍ സാമുവല്‍ നന്ദി പറയുന്നുണ്ട്.
താന്‍ നേരത്തേ പറഞ്ഞ വാക്കുകള്‍ ഏതെങ്കിലും മലയാളിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. തീരെ വര്‍ണവിവേചനമില്ലാത്തതും ഒരു ആഫ്രിക്കക്കാരനോട് ഏറ്റവും സൗഹാര്‍ദപരമായി ഇടപെടുകയും ചെയ്യുന്ന സ്ഥലമാണ് കേരളമെന്നും പോസ്റ്റില്‍ പറയുന്നു.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരേ സാമുവ ല്‍ നേരത്തേ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളും പിന്‍വലിക്കുകയും ചെയ്തു. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയോളം കഴിഞ്ഞ ശേഷം സ്വദേശത്തേക്ക് തിരിച്ചുപോയിട്ടായിരുന്നു സാമുവല്‍ റോബിന്‍സണ്‍ ഏറെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് ഇ         ട്ടത്.
ധനമന്ത്രി തോമസ് ഐസക്, വി ടി ബല്‍റാം എംഎല്‍എ എന്നിവരും സാമുവലിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top