നിര്‍മാണ മേഖല: സുരക്ഷയില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍

ഹരിപ്പാട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്് നിര്‍മാണ മേഖലയില്‍ സുരക്ഷാ സംവിധാനങ്ങളില്ല. നിര്‍മാണ മേഖലയില്‍ നാള്‍ക്കുനാള്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതോടെ  ചെറുകിട കരാറുകാര്‍ വന്‍തോതിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നത്. ഇവരെ സംബന്ധിച്ചുള്ള രേഖകള്‍ സമീപ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണ്ടതാണ്. ഇത് ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. ശേഷമുണ്ടാവുന്ന നൂലാമാലകള്‍ ഭയന്നാണ് പലരും അതില്‍ നിന്നും പിന്മാറുന്നത്. സമീപകാലത്ത് ഹരിപ്പാട്  നങ്ങ്യാര്‍കുളങ്ങരയില്‍ ഫഌറ്റ് നിര്‍മാണത്തിനിടയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ ഉയരത്തില്‍ നിന്നു വീണു 24 കാരന്‍ മരണപ്പെട്ടിരുന്നു. ദിവസങ്ങളോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനു ശേഷമാണ് തുടര്‍ നടപടികളുണ്ടായത്. ചെറുതനയില്‍ ടവര്‍ നിര്‍മാണത്തിനിടയിലും വീണ് തൊഴിലാളി മരിച്ചിരുന്നു.കടപ്രയില്‍ ഒരു ബേക്കറി തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളുടെ ജീവന്‍ പാതിവഴിയില്‍ പൊലിയുമ്പോള്‍  മൃതദേഹങ്ങള്‍ യതാര്‍ഥ അഡ്രസില്‍ എത്തിക്കുന്നതിന് പോലും കരാറുകാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്്്. തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് പോലിസില്‍ രജിസ്റ്റര്‍ ചെയ്ത്  ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയാല്‍ അവശ്യ സമയത്ത് ചികില്‍സാ ആനുകൂല്യങ്ങളും മരണപ്പെട്ടാല്‍ കുടുംബത്തിന് സഹായവുമാവും. തൊഴിലാളിയില്‍ നിന്നുണ്ടാവുന്ന   മോശ ഇടപെടലുകളില്‍ നിയമ നടപടികള്‍ക്ക് സുതാര്യത ലഭ്യമാവുകയും ചെയ്യും.ആശുപത്രികളില്‍ ചികില്‍സ തേടുന്ന സമയത്ത് രേഖകളുടെ അഭാവത്തില്‍ ചികില്‍സ നിഷേധിക്കുന്ന സംഭവങ്ങളും കുറവല്ല. വിവരശേഖരണങ്ങള്‍ കാര്യക്ഷമമാക്കി ഇന്‍ഷുര്‍ പരിരക്ഷക്ക് അവസരമൊരുക്കണം. രേഖകളില്ലാതെ തൊഴിലാളികളെ കൂടെ നിര്‍ത്തുന്നവര്‍ക്ക് മതിയായ ബോധവല്‍കരണം നല്‍കണമെന്നുമാണ്് ആവശ്യം.

RELATED STORIES

Share it
Top