നിര്‍മാണ പ്രവൃത്തികള്‍ പ്രതിസന്ധിയില്‍

പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് രണ്ടുതവണ വില വര്‍ധിപ്പിച്ചതോടെ നിര്‍മാണ മേഖല വന്‍ പ്രതിസന്ധിയിലേക്ക്. മെറ്റല്‍, എംസാന്റ് എന്നിവയ്ക്ക് ആറു മാസത്തിനിടെ 600-700 രൂപയാണ് യൂനിറ്റിന് വില കൂടിയത്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതും സാധാരണക്കാരുടെ വീട് നിര്‍മാണവുമൊക്കെ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. തമിഴ്‌നാട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍, ഇപ്പോള്‍ പാലക്കാട്ട് നിന്നുമാണ് ക്രഷര്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുപോവുന്നത്. വന്‍വില നല്‍കിയാണ് ഇവ തമിഴ്‌നാട്ടിലെ ആവശ്യക്കാര്‍ വാങ്ങുന്നത്. ഇതേ നിരക്ക് തന്നെ ഇവിടെയും കിട്ടണമെന്ന നിലപാടാണ് ക്രഷര്‍ ഉടമകള്‍ക്കെന്ന്  കരാറുകാര്‍ ആരോപിക്കുന്നു. നിലവില്‍ ക്രഷര്‍ ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ഉല്‍പാദകര്‍ തന്നെയാണ്.ക്രഷര്‍  ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചതിനാല്‍ നിര്‍മാണ പ്രവൃത്തി പ്രതിസന്ധിയിലാണെന്നും വിലകുറയ്ക്കാന്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് കരാറുകാര്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ ക്വാറി ഉടമകള്‍ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും കരാറുകാര്‍ ആരോപിക്കുന്നു. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ പ്രവൃത്തിയുമായി മുന്നോട്ടുപോവാനാവില്ലെന്നും സമരത്തിനിറങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 19ന് നിര്‍മാണ മേഖല സ്തംഭിപ്പിച്ച് കലക്്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് എം വി കണ്ണന്‍, ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി ഇ തങ്കച്ചന്‍, കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എം ശ്രീധരന്‍, ടിപ്പര്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ് മനോജ്, സമീര്‍ഖാന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top