നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്തംഭവനാവസ്ഥ തുടരുന്നു

കുന്നംകുളം: പാറേമ്പാടം ആറ്റുപുറം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സ്തംഭവനാവസ്ഥ തുടരുന്നു. ഏപ്രില്‍ മുപ്പതിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ ഉറപ്പ് നല്‍കിയെങ്കിലും യാതൊരു നടപടിയുമായില്ല.
വെട്ടിപൊളിച്ച റോഡിലൂടെയൂടെ വാഹനയാത്ര ദുസ്സഹമാകുന്നതിനൊടൊപ്പം പൊടിശല്ല്യവും രൂക്ഷമാണ് മേഖലയില്‍. വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ രണ്ടാം ഘട്ട സമരങ്ങളുടെ ഭാഗമായി പോര്‍ക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സെന്ററില്‍ റോഡ് ഉപരോധസമരം സംഘടിപ്പിച്ചു. ബ്ലോക്ക്  കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് എം എസ് പോള്‍ ഉദ്ഘാടനം ചെയ്തു. പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്  കെ എ ജോതിഷ് അധ്യക്ഷനായിരുന്നു.പാറേമ്പാടം മുതല്‍ ആറ്റുപുറം വരെയുള്ള  റോഡിന്റെ 14 കിലോമീറ്റര്‍ റോഡിന് 13 കോടി രൂപയാണ് അനുവദിചിരിക്കുന്നത്.
മൂന്ന് മാസം മുന്‍പ് ആരംഭിച്ച റോഡ് നിര്‍മ്മാണം ഇപ്പോള്‍ പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. റോഡിന്റെ  വിവിധ സ്ഥലങ്ങളില്‍ പൂര്‍ണമായും പൊളിച്ചിട്ടിരിക്കുകയാണ്. നിര്‍മ്മാണത്തിനായി റോഡ് പലയിടങ്ങളിലും പൂര്‍ണമായും പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഇതിലൂടെയുള്ള യാത്ര അതി ദുര്‍ഗഡമാണ്. പ്രതിഷേധങ്ങള്‍ പലവട്ടം ഉയര്‍ന്നിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വേഗം കൂടുന്നില്ലെന്നാണ് ആക്ഷേപം. റോഡ് നിര്‍മാണം കരാറെടുത്ത അടുത്ത ദിവസം തന്നെ ജെ സി ബി യുമായി വന്ന് കരാറുകാരന്‍ റോഡ് മുഴുവന്‍ പൊളിച്ചിട്ടു.
റോഡ് വീതികൂട്ടുന്നതിനാവശ്യമായ റവന്യൂ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തിപോലും പൂര്‍ത്തിയാക്കും മുന്‍പ് റോഡ് പൊളിച്ചിട്ടതാണ് നിലവിലെ പ്രയാസങ്ങള്‍ക്ക് കാരണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കഴിഞ്ഞ മാസം പ്രതിഷേധം ശക്തിയായപ്പോള്‍ ഏപ്രില്‍ 30 നകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞിരുന്നതായും, എന്നാല്‍ ഇപ്പോഴും പ്രവര്‍ത്തി ആരംഭിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
പൊടിപടലം ശ്വസിച്ച് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം മനസിലാക്കി റോഡ് നിര്‍മ്മാണം ഉടനടി പൂര്‍ത്തിയാക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ , പ്രഫ. രാധാകൃണന്‍, കെ. കെ മോഹന്‍ റോയ്, കെ ബി തമ്പി മാസ്റ്റര്‍ തുടങ്ങിയവര്‍  സംസാരിച്ചു.

RELATED STORIES

Share it
Top