നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന സംഭവം; അന്വേഷണം ഇഴയുന്നു

കാലടി: സംസ്‌കൃത സര്‍വകലാശാലയില്‍ നിര്‍മാണം നടന്നുവരുന്ന ഫിനാന്‍സ് ബ്ലോക്കിന്റെ ഒരുഭാഗം ഇടിഞ്ഞുവീണതുമായി ബന്ധപ്പെട്ട അന്വേഷണം ഇഴയുന്നു. തൊഴിലാളികള്‍ ചായകുടിക്കാന്‍പോയ സമയത്ത് ഇടിഞ്ഞുവീണതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. സര്‍വകലാശാല വച്ച നിബന്ധനകള്‍ക്ക് യോഗ്യരായ പലരെയും ഒഴിവാക്കി റോയല്‍ കമ്പനിക്ക് നിര്‍മാണചുമതല നല്‍കിയതില്‍ വന്‍ ക്രമക്കേടുണ്ടെന്ന് ഒരുവിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കരാറുകാരുടെ ഇഷ്ടക്കാരനായ എന്‍ജിനീയറെ മേല്‍നോട്ടത്തിനും മറ്റുമായി നിയോഗിച്ചുവെന്നും ആക്ഷേപമുണ്ട്.
കരാര്‍പ്രകാരം ഡാല്‍മിയ 53 ഒപിസി ഗ്രേഡ് സിമന്റും 500ഗേജ് ടാറ്റാ വൈശാഖ് കമ്പിയുമാണ് ഉപയോഗിക്കേണ്ടത്. ഇത് രണ്ടുമല്ല ഇവിടെ ഉപയോഗിക്കുന്നതെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. നിറയ്ക്കുവാനുപയോഗിക്കുന്ന മണ്ണുപോലും നിലവാരമില്ലാത്തതാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കെട്ടിടം തകര്‍ന്നയുടനെ സ്ഥലത്തെത്തിയ കാലടി പോലിസ് പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
പല കോണുകളില്‍നിന്നും പരാതിയും പ്രതിഷേധവും ഉയര്‍ന്നിട്ടും സര്‍വകലശാല ലാഘവത്തോടെയാണ് ഇതിനെ കാണുന്നത്. കേന്ദ്രഫണ്ടായ റൂസയില്‍നിന്ന് അനുവദിച്ചതിലും 20 ശതമാനം തുക കുറച്ചാണ് ഈ കമ്പനി പണി ഏറ്റെടുത്തത്. ഇതിനു പിറകിലും വന്‍ ക്രമക്കേട് നടത്തി ലാഭം കൊയ്യാമെന്ന ലക്ഷ്യമാണുള്ളതെന്ന് കെഎസ്‌യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top