നിര്‍മാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജയില്‍ സിപിഎം നേതാക്കളും

കാസര്‍കോട്: മുന്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ പേരിലുള്ള സ്വപ്‌ന പദ്ധതി നടപ്പിലാകുമ്പോള്‍ ഒപ്പം വിവാദവും. നിര്‍മാണത്തിന് മുന്നോടിയായി കമ്പനി നടത്തിയ ഭൂമി പൂജയാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. പൂജയില്‍ സിപിഎം നേതാക്കളും പങ്കെടുത്തതാണ് വിവാദത്തിന് കാരണം.
സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ പേരിലുള്ള നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനു മുന്നോടിയായാണ് ഷട്ടര്‍ നിര്‍മിക്കുന്നതിനു കരാര്‍ എടുത്ത ഗുജറാത്ത് ആസ്ഥാനമായുള്ള നിര്‍മാണക്കമ്പനി ഭൂമിപൂജ നടത്തിയത്. സിപിഎം ശക്തികേന്ദ്രമായ പാലായിയില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭൂമി പൂജയ്‌ക്കെത്തിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
ആചാരങ്ങള്‍ക്കും അനുഷ്ടനങ്ങള്‍ക്കും നിയന്ത്രണമുള്ള പാലായില്‍ ഇഎംഎസിന്റെ പേരിലുള്ള പദ്ധതിക്ക് ഭൂമി പൂജ നടത്തിയത് ശരിയായില്ലെന്ന് ഒരുവിഭാഗം നേതാക്കള്‍ വിലയിരുത്തുന്നു. ഭൂമി പൂജ മുന്‍കൂട്ടി ആരെയും അറിയിക്കാതെയാണ് ഗുജറാത്തി കമ്പനി നടത്തിയതെന്നും മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ തടയുമായിരുന്നുവെന്നും സ്ഥലത്തെ പ്രാദേശിക നേതാക്കള്‍ പറയുന്നു.
നീലേശ്വരം നഗരസഭയിലെ പാലായി താങ്കൈ കടവിനെയും കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ കയ്യൂര്‍-കൂക്കോട്ട് കടവിനെയും ബന്ധിപ്പിച്ചാണ് ഷട്ടര്‍ കം ബ്രിഡ്ജ് പണിയുന്നത്.
1957 മുതല്‍ സര്‍ക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പദ്ധതിക്ക് 65 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
നബാര്‍ഡ് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വിവിധ മേഖലകളിലായി 4500 ഹെക്ടര്‍ സ്ഥലത്ത് ജലസേചനത്തിന് ഈ പദ്ധതി മുതല്‍കൂട്ടാകും. സ്ഥലം വിട്ടു നല്‍കുന്നതിന് പ്രതിസന്ധി വന്നപ്പോള്‍ പാലായി കൊഴുവല്‍ ഭഗവതി ക്ഷേത്രം ഇടപെട്ടാണ് വഴിയൊരുക്കിയത്. ഏറ്റവും ഒടുവില്‍ ക്ഷേത്രം പ്രസിഡന്റ് പള്ളിത്തടത്തില്‍ കുഞ്ഞിക്കൃഷ്ണന്‍ ഒന്നര സെന്റ് സ്ഥലം സൗജന്യമായി നല്‍കി.

RELATED STORIES

Share it
Top