നിര്‍മാണം പൂര്‍ത്തീകരിക്കാതെ പുതിയ ഒപി ബ്ലോക്ക് കെട്ടിടം

മാള: വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അധികൃതരുടെ കെടുകാര്യസ്ഥതയാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാതെ ഐരാണിക്കുളം സര്‍ക്കാര്‍ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്ക് കെട്ടിടം. നിര്‍മാണം 90 ശതമാനം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍ ഒന്നുംതന്നെ നടന്നിട്ടില്ല. പ്ലംബിങ് പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിട്ടില്ല. നിര്‍മാണം എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ക്കു പോലും ധാരണയില്ലെന്ന അവസ്ഥയാണ്. ഇവിടെയെത്തുന്നവരില്‍ നടന്നു കയറാനാകാത്ത രോഗികളെ സ്‌ട്രെക്ച്ചര്‍, വീല്‍ചെയര്‍ എന്നിവ ഉപയോഗിച്ച് ആശുപത്രിയിലേക്ക് കയറ്റാനുള്ള പാത പോലും ഇതു വരെയായും ഒരുക്കിയിട്ടില്ല എന്നുള്ളത് വകുപ്പിന്റെ മേല്‍നോട്ടത്തിലെ പിഴവാണ് ചൂണ്ടിക്കാട്ടുന്നത്.
നിത്യേന നൂറുകണക്കിന് ജനങ്ങളാണ് ഐരാണിക്കുളം ആശുപത്രിയെ ആശ്രയിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് മുന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനായി 60 ലക്ഷം രൂപ അനുവദിച്ചത്.
എന്നാല്‍ നിര്‍മാണം ആരംഭിക്കാന്‍ പിന്നെയും കാലതാമസമെടുത്തു. 2017 ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പൊതുമരാമത്ത് വകുപ്പിലെ കെട്ടിട നിര്‍മാണ വിഭാഗത്തിനാണ് നിര്‍മാണ ചുമതല. ഇതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും അറിയില്ലതാനും. നിര്‍മാണം വൈകുന്നത് സിവില്‍ വിഭാഗത്തിന്റെ കടുത്ത അനാസ്ഥ കാരണമെന്ന് ആക്ഷേപമുണ്ട്. മേല്‍നോട്ടവും ഉത്തരവാദിത്വത്തോടെ അല്ലെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി കുറ്റപ്പെടുത്തി.
പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടു വേണം ശോച്യാവസ്ഥയിലുള്ള കെട്ടിടത്തില്‍ നിന്ന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാന്‍. പഴയ കെട്ടിടങ്ങളിലൊന്ന് ഏത് നേരം വേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയിലാണ്. സീലിങ് പൊളിഞ്ഞ് കമ്പികള്‍ പുറത്ത് കാണുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഡോക്ടര്‍ പരിശോധന നടത്തുന്ന സമയം സീലിങ് അടര്‍ന്നു വീണിരുന്നു.
തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. എന്നു വേണേലും കെട്ടിടം വീഴുമെന്ന ആശങ്കയിലാണ് അധികൃതരും രോഗികളും. കൂടാതെ മരുന്നുകള്‍ ശീതീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം പോലും ഇവിടെയില്ല. ഏത് നിമിഷവും വീഴാവുന്ന കെട്ടിടത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ആശുപത്രി അധികൃതര്‍. കൂടാതെ ഇവിടേക്ക് എത്തിപ്പെടാനും ജനം ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ദിവസത്തില്‍ ആകെയുള്ളത് രണ്ട് ബസ്സുകളാണ്. ഇതും ഓടിയാലായി. ഐരാണിക്കുളം പ്രദേശത്തേക്കുള്ള വാഹന സൗകര്യവും അധികൃതര്‍ ഗൗരവമായി എടുക്കണമെന്ന ആവശ്യമാണ് ജനങ്ങള്‍ക്കുള്ളത്.

RELATED STORIES

Share it
Top